മന്ത്രിയുടെ ഉറപ്പ്; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുൻപിൽ അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ശമ്പളത്തിൽ മാറ്റം വരുത്താമെന്ന് മന്ത്രി ഉറപ്പു നൽകി. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ കൃത്യമായി പഠിച്ച് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായി സമരക്കാർ പറഞ്ഞു.

മൂന്ന് മാസത്തേക്ക് സമരം നിർത്തുന്നു. മൂന്ന് മാസത്തിനുള്ളിൽ നടപടികളൊന്നും തന്നെ ഉണ്ടായില്ലെങ്കിൽ പൂർവ്വാധികം ശക്തിയോടെ സമരം വീണ്ടും ആരംഭിക്കുമെന്നും സമരക്കാർ പറഞ്ഞു.

അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.