പ്രവചനാതീതനായ രാഷ്ട്രീയ നേതാവ് എന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അതിന്റെ ചുവടുപിടിച്ചു നിലനിൽക്കുന്ന രാഷ്ട്രീയത്തെയും സവിശേഷമാക്കുന്നത്. അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയത്തിനകത്ത് ഏറ്റവും കൗശലക്കാരനായ ഒരു നേതാവായി ട്രംപ് മാറുമ്പോഴും ആഗോളതലത്തിൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു കേന്ദ്രികരണത്തെ ട്രംപ് ലക്ഷ്യമാക്കുന്നില്ല. അവിടെയാണ് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ആളുകൾക്ക് അമളിപറ്റിയതും. ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നു എന്ന അലയൊലികൾ ആരംഭിച്ചപ്പോൾ തന്നെ ഇവിടെയുള്ള വലത് കേന്ദ്രങ്ങൾ അദ്ദേഹത്തിന് വേണ്ടിയുള്ള സ്തുതിഗീതങ്ങൾ പാടി തുടങ്ങിയിരുന്നു.
ലിബറൽ നയങ്ങളോടുള്ള എതിർപ്പ് എന്ന കാരണത്തിൽ ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് ട്രംപിന് നിരുപാധികമായ പിന്തുണ ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ഏറ്റവും താഴെ തട്ടിലുള്ള വലതുപക്ഷ അനുകൂലികൾ പോലും ട്രംപിന്റെ വരവോട് കൂടി ഇന്ത്യയിൽ വലിയ മാറ്റങ്ങൾ വരുമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ അധികാരത്തിലേറി മിനുറ്റുകൾക്കകം തന്നെ ‘മൈ ഫ്രണ്ട്’ ട്രമ്പിൽ നിന്ന് ഗുരുതരമായ തിരിച്ചടികളാണ് കുടിയേറ്റ നയങ്ങളുടെ പേരിലും മറ്റുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് നേരിടേണ്ടി വന്നത്.

ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും
ജനുവരി 20-ന് ട്രംപിന്റെ സത്യപ്രതിജ്ഞക്ക് മുമ്പുതന്നെ, യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നു വന്നിരുന്നു. അത് വ്യാപാരത്തെക്കാൾ കൂടുതൽ കുടിയേയേറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ഇന്ത്യയിൽ ജനിച്ച സോഫ്റ്റ്‌വെയർ പ്രൊഫഷണലുകൾക്ക് യുഎസിൽ സ്ഥിര താമസം ഉറപ്പാക്കാൻ അനുവദിക്കുന്ന H-1B വിസകളുടെ കാര്യത്തിൽ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ ക്യാമ്പ് തുടക്കത്തിൽ തന്നെ പ്രതിസന്ധി സൃഷ്ട്ടിച്ചു. വൈറ്റ് ഹൗസിലേക്ക് വന്ന ഉടനെ തന്നെ ട്രംപ് കൈവെച്ച രേഖകളിൽ ഒന്ന് ജന്മാവകാശ പൗരത്വ ഉത്തരവായിരുന്നു. അതിലൂടെ അമേരിക്കയിലെ സ്ഥിര താമസക്കാരല്ലാത്ത മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് യുഎസ് പൗരത്വം നിഷേധിക്കാൻ സാധിക്കുന്നു.
കുടിയേറ്റ സ്പെക്ട്രത്തിന്റെ മറുവശത്ത് രേഖകളില്ലാത്ത തൊഴിലാളികളാണ്. 2019 നും 2022 നും ഇടയിൽ, അതിർത്തി കടന്ന് നിയമവിരുദ്ധമായി യുഎസിലേക്ക് പ്രവേശിച്ച മൂന്നാമത്തെ വലിയ ഗ്രൂപ്പായിരുന്നു ഇന്ത്യക്കാർ. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്‌ടൺ സന്ദർശത്തിന് മുമ്പുതന്നെ ഇന്ത്യൻ കുടിയേറ്റക്കാരിൽ 104 ആളുകളെ സൈനീക വിമാനത്തിൽ കയറ്റി ഇന്ത്യയിലേക്ക് അയച്ച് ‘മൈ ഫ്രണ്ട്’ ട്രംപ് തന്റെ ‘ശുദ്ധികലശ’ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ട്രംപ് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നതിന് മുമ്പ് ഒരു ചർച്ചക്ക് പോലും മുതിരാൻ ഇവിടുത്തെ പ്രധാനമന്ത്രിക്കായില്ല എന്നത് ദൗർഭാഗ്യകരമാണ്.

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരുൾപ്പെടെ 33 ഗുജറാത്തികളെ സർക്കാർ വാഹനങ്ങളിൽ നാട്ടിലേക്ക് അയക്കുന്നു
ദൗർഭാഗ്യവശാൽ ട്രംപിന്റെ കുടിയേറ്റ നയങ്ങളെ പോലും ന്യായികരിക്കേണ്ടുന്ന ഒരു ഗതികേടിലാണ് ഇന്ത്യയിലെ വലതുപക്ഷം. ട്രംപിനെ പോലെ ഒരു ആഗോള വലതുപക്ഷ ഐകണിനെ മുൻനിർത്തി ഇവിടെയുള്ള വലതുപക്ഷ രാഷ്ട്രീയത്തിന് തുടർചലനങ്ങളുണ്ടാക്കുക എന്നതാണ് ഇവിടെയുള്ളവരുടെ ലക്ഷ്യം. ട്രംപിന്റെ അതിദേശീയതയുടെ ചുവടുപിടിച്ച് ഇവിടെ അതിന്റെ പ്രയോക്താക്കളെ കണ്ടെത്തുക, ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വെള്ളപ്പൂശി വംശീയമായ ഒരു കുടിയേറ്റ നയത്തിന് ഇവിടെ കളമൊരുക്കുക എന്നിവ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇവിടെയവർ പ്രവർത്തിക്കുന്നത്. ഇന്ത്യൻ കുടിയേറ്റക്കാരെ സൈനീക വിമാനത്തിൽ ബന്ധിച്ച് നാടുകടത്തിയതിനെ ന്യായികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്ത് വന്നിരുന്നു. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നുമാണ് ജയശങ്കർ പറഞ്ഞത്. അതേസമയം ആളുകളെ ബന്ധിച്ച നടപടിയിൽ സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും ജയശങ്കർ ന്യായീകരിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ
ട്രംപിന്റെ രണ്ടാം വരവിലെ നയങ്ങളെ വിലയിരുത്തികൊണ്ട് ആർ.എസ്സ്.എസ്സിന്റെ മുഖപത്രമായ കേസരി എഴുതിയ എഡിറ്റോറിയൽ വായിക്കുന്നത് അതിലേറെ രസകരമാണ്. ട്രംപിന്റെ ദേശീയവാദ നിലപാടുകളെ പ്രശംസിച്ചു കൊണ്ട് കേസരി എഴുതുന്നു:”ട്രംപിന്റെ ആദ്യ ഊഴത്തിൽ തന്നെ കടുത്ത ദേശീയവാദത്തിന്റെ വക്താവായി അറിയപ്പെട്ട അദ്ദേഹം രണ്ടാമൂഴത്തിൽ താൻ കുറച്ചുകൂടി മെച്ചപ്പെട്ട ദേശീയവാദിയാണെന്ന് തെളിയിക്കാനാണ് സാധ്യത. യൂറോപ്യൻ ലിബറൽ ചിന്തയിൽ ദേശീയവാദം അപരിഷ്‌കൃതമെന്നു വാദിച്ചു തുടങ്ങിയിടത്തുനിന്ന് യൂറോപ്പാകെ ദേശീയ ചിന്തകളിലേക്ക് മടങ്ങാനുള്ള സാധ്യതയാണ് ട്രംപിന്റെ നിലപാടിലൂടെ പുറത്തു വരുന്നത്.”
കുടിയേറ്റ നയങ്ങളെ കുറിച്ച് കേസരി പറയുന്നത്: “അറേബ്യൻ മത സാമ്രാജ്യത്വ അധിനിവേശം യൂറോപ്പിന്റെ ആകെ ഉയർന്ന ജനാധിപത്യ മാനവിക മൂല്യങ്ങളെ അട്ടിമറിച്ചു തുടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവാണ് കുടിയേറ്റ നിയമങ്ങൾ കർശനമാക്കുവാൻ ട്രംപിനെ പ്രേരിപ്പിക്കുന്നത്. അമേരിക്കയിൽ ജനിക്കുന്ന ആർക്കും സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വം ട്രംപ് എടുത്തുകളഞ്ഞിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാർ പെരുകി അമേരിക്കയുടെ സംസ്‌കാരവും പാരമ്പര്യവും വരെ അപകടത്തിലായേക്കാം എന്ന തിരിച്ചറിവിൽ നിന്നാണ് ട്രംപ് ഇത്തരമൊരു നിലപാടെടുക്കാൻ നിർബന്ധിതനായത്. ഇംഗ്ലണ്ടും ഫ്രാൻസുമൊക്കെ ഇന്ന് അനധികൃത കുടിയേറ്റക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങൾകൊണ്ട് പൊറുതിമുട്ടി തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ട്രംപിന്റെ നിലപാടിനെ കുറ്റപ്പെടുത്താനാവില്ല.”

കേസരിയുടെ മുഖപ്രസംഗം
Read more
വംശീയമായ ഒരു ആശയത്തിൽ ഇവിടെയുള്ള ജനങ്ങളെ കോളം തിരിച്ചു ഭരിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളിൽ നിന്ന് ഇത്തരമൊരു പിന്തുണ ട്രംപിന് ലഭിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഇനി ട്രംപിന്റെ ട്രംപിന്റെ വ്യാപാര നയത്തിൽ അമിത പ്രതീക്ഷ വെച്ചു പുലർത്തുന്ന കേസരി വരികൾ ശ്രദ്ധിക്കുക. “നല്ലൊരു കച്ചവടക്കാരനും വിലപേശൽ വിദഗ്ദ്ധനുമായ ട്രംപ് ഭാരതവുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് സാധ്യത. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്നു എന്നതു മാത്രമല്ല ഇതിനു കാരണം. ലോകത്തിലെ ഏറ്റവും വലുതും ക്രയശേഷി കൂടിയതുമായ മാർക്കറ്റാണ് ഭാരതത്തിന്റേത് എന്ന കാര്യം മറ്റാരേക്കാളും നന്നായി ട്രംപിനറിയാം.” ഇങ്ങനെ വ്യാപാരത്തിലും കുടിയേറ്റത്തിലും ട്രംപിനെ വെള്ളപൂശി നിലപാടെടുക്കുന്ന ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാർക്ക് അടുത്ത കൊട്ട് എപ്പോ വരുമെന്ന് കണ്ടറിയാം.