“രണ്ട് ആണവായുധ രാജ്യങ്ങൾ” തമ്മിലുള്ള ഏറ്റുമുട്ടൽ തടയാൻ ആഗോള ഇടപെടൽ നടത്താനുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആഹ്വാനത്തെ തള്ളി ഇന്ത്യ. ആഗോള സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതിനു പകരം തങ്ങളുടെ പ്രദേശത്തെ തീവ്രവാദ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് അയൽരാജ്യങ്ങൾ ചെയ്യേണ്ടത് എന്നും ഇന്ത്യ പറഞ്ഞു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം മീറ്റിൽ ഇമ്രാൻ ഖാൻ പറഞ്ഞതിൽ പുതിയതൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ നിരീക്ഷിച്ചു. “അദ്ദേഹത്തിന്റെ പരാമർശങ്ങൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് വേഗത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്നുണ്ടെന്നും നിരാശനാണെന്നുമാണ്. ആഗോള സമൂഹത്തിന് ഇപ്പോൾ പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ കുറിച്ച് മനസ്സിലായി. ഒരു വശത്ത് അവർ ഭീകരതയുടെ ഇരകളാണെന്ന് നടിക്കുമ്പോൾ, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും തീവ്രവാദം പ്രചരിപ്പിക്കുന്ന തീവ്രവാദികളെ വളർത്തിയെടുക്കുന്നു, അദ്ദേഹം പറഞ്ഞു.
കശ്മീരിൽ “ഭീതിദമായ സാഹചര്യം” ഉണ്ടെന്ന ധാരണ സൃഷ്ടിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടുവെന്നും രവീഷ് കുമാർ അവകാശപ്പെട്ടു. “കശ്മീരിനെ കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വർഷങ്ങളായി വ്യക്തവും സ്ഥിരവുമാണ്. ഇവ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ച ചെയ്യേണ്ട ഉഭയകക്ഷി പ്രശ്‌നങ്ങളാണ്, ഈ സാഹചര്യത്തിൽ ഒരു മൂന്നാം കക്ഷിക്ക് യാതൊരു പങ്കുമില്ല,” മറ്റെവിടെയെങ്കിലും നോക്കുന്നതിന് മുമ്പ് ഇമ്രാൻ ഖാൻ സ്വന്തം രാജ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ ലോക സാമ്പത്തിക ഫോറം ഉചിതമായ വേദിയല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.
Read more
കാര്യങ്ങൾ തിരിച്ചുപിടിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തുന്നതിനു മുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകാതെ ഒത്തുതീർപ്പാക്കാൻ സഹായിക്കണമെന്ന് ദാവോസ് കൂടിക്കാഴ്ചയ്ക്കിടെ നടത്തിയ അഭിമുഖത്തിൽ, ഐക്യരാഷ്ട്രസഭയും അമേരിക്കയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളോട് ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചിരുന്നു. “രണ്ട് ആണവായുധ രാജ്യങ്ങൾ ഒരു സംഘട്ടനത്തെ കുറിച്ച് ആലോചിക്കാൻ പോലും പാടില്ല, ” പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം പോലുള്ള ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് അതിർത്തിയിൽ സംഘർഷങ്ങൾ ഉയർത്താൻ ഇന്ത്യ ശ്രമിക്കുന്നതിനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.