കോവിഡ് കാലത്ത് വരുത്തിയ പരിഷ്കാരങ്ങളിലൂടെ വരുമാനം വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. മുതിർന്ന പൗരൻമാർക്ക് നൽകി വന്നിരുന്ന നിരക്കിളവ് റദ്ദാക്കിയതിലൂടെയാണ് റെയിൽവേ അധിക വരുമാനം കണ്ടെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി രൂപയാണ്.
മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലൂടെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. എട്ട് കോടിയോളം മുതിർന്ന പൗരന്മാരാണ് കഴിഞ്ഞ വർഷം ട്രെയിനുകളിൽ റിസർവേഷനിൽ യാത്ര ചെയ്തത്.2020 മാർച്ച് 20നും 2022 മാർച്ച് 31നും ഇടയ്ക്ക് യാത്ര ചെയ്ത ഏഴര കോടിയോളം മുതിർന്ന പൗരന്മാർക്കാണ് റെയിൽവെ നിരക്കിളവ് അനുവദിക്കാതിരുന്നത്. ഇതുവഴി റെയിൽവെക്കുണ്ടായ അധിക വരുമാനം 1500 കോടി രൂപയെന്നും വിവരാവകാശ രേഖ പറയുന്നു.
Read more
കോവിഡ് കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ കേന്ദ്ര റെയിൽവെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളുകയും തീരുമാനം സർക്കാരിന് വിടുകയും ചെയ്തിരുന്നു. 60 വയസിന് മുകളിൽ പ്രായമുളള പുരുഷൻമാർക്ക് 40 ശതമാനവും 58 വയസ്സിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളിൽ നിരക്കിളവ് ഏർപ്പെടുത്തിയിരിക്കുന്നത്.