ഷിരൂർ ദൗത്യം ഏറ്റെടുത്ത് ഈശ്വർ മാൽപെ; സംഘത്തിലുള്ളത് എട്ട് മുങ്ങൽ വിദഗ്ധർ, 'എത്ര അടിയൊഴുക്കുള്ള പുഴയിലും ഇറങ്ങാനാകും'

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനയുള്ള തിരച്ചിൽ അന്തിമഘട്ടത്തിൽ. ഷിരൂർ ദൗത്യം ഈശ്വർ മാൽപെ ഏറ്റെടുത്തു. ഈശ്വർ മാൽപെയുടെ സംഘത്തിലുള്ളത് എട്ട് മുങ്ങൽ വിദഗ്ധരാണ്. ഇവർ ഉടൻ തന്നെ പുഴയിലിറങ്ങും. അതേസമയം നിലവിൽ അർജുന്റെ ലോറിയുള്ളത് കരയിൽ നിന്നും 132 മീറ്റർ അകലെയാണ്. അതേസമയം ഡ്രോൺ പരിശോധന റിപ്പോർട്ട് പുറത്ത് വന്നു. നാല് സിഗ്നലുകൾ ആകെ കണ്ടെത്തി. മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

ഉഡുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘമാണിവർ. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവർ. എത്ര അടിയൊഴുക്കുള്ള പുഴയിലും ഇറങ്ങാനാകുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. മുൻപും സമാനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആയിരത്തിലധികം മൃതദേഹങ്ങൾ മുങ്ങിയെടുത്തിട്ടുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു.

അതേസമയം ഷിരൂരിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഗംഗാവലിയിൽ അടിയൊഴുക്ക് ശക്തമാണ്. അര്‍ജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുകയാണ്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല.

Read more