'ഗോശാലകളിലെ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു, ഇവര്‍ വിറ്റത്രയും പശുക്കളെ കശാപ്പുകാര്‍ക്ക് മറ്റാരും കൊടുത്തിട്ടുണ്ടാവില്ല'; ഇതൊക്കെ ചെയ്തിട്ട് അവര്‍ 'ഹരേ രാമ ഹരേ കൃഷ്ണ' പാടി നടക്കുന്നു; കൃഷ്ണ ഭക്ത സംഘടനയ്‌ക്കെതിരെ ബിജെപി എംപി മനേക ഗാന്ധി

ലോകത്തെ പ്രമുഖ കൃഷ്ണ ഭക്ത സംഘടനായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസിനെതിരെ(ഇസ്‌കോണ്‍) ഗുരുതര ആരോപണവുമായി ബിജെപി എംപി മനേക ഗാന്ധി രംഗത്ത്. ഇസ്‌കോണ്‍ വഞ്ചകരാണെന്നും ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്നുമാണ് മനേക ഗാന്ധിയുടെ ആരോപണം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ സംസാരിക്കവേയാണ് മനേക ഗാന്ധി ആരോപണം ഉന്നയിച്ചത്.

അതേ സമയം ഇസ്‌കോണ്‍ മനേക ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി. ഇസ്‌കോണ്‍ ഗോശാലകള്‍ സ്ഥാപിക്കുകയും അതിനായി ഭൂമി ഉള്‍പ്പെടെ സര്‍ക്കാരില്‍ നിന്ന് പരിധിയില്ലാത്ത ആനുകൂല്യങ്ങള്‍ നേടുന്നതായും മനേക ഗാന്ധി ആരോപിച്ചു. അടുത്തിടെ താന്‍ ആന്ധ്രാപ്രദേശിലെ ആനന്ദ്പൂര്‍ ഗോശാല സന്ദര്‍ശിച്ചിരുന്നുവെന്നും അവിടെ ഒരു പശുവിനെ പോലും നല്ല നിലില്‍ കണ്ടില്ലെന്നും ബിജെപി എംപി പറഞ്ഞു. ഗോശാലയില്‍ ഒരു പശുക്കുട്ടിയെ പോലും കണ്ടില്ലെന്നും അതിനര്‍ത്ഥം അവയെല്ലാം വിറ്റുപോയെന്നതാണെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ഇവര്‍ ‘ഹരേ രാമ ഹരേ കൃഷ്ണ’ ഉരുവിട്ട് നടക്കുന്നു. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ലെന്നും മനേക ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ മനേക ഗാന്ധിയുടെ ആരോപണങ്ങള്‍ നിഷേധിച്ച ഇസ്‌കോണ്‍ തങ്ങള്‍ പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അവയെ കശാപ്പുകാര്‍ക്ക് വിറ്റിട്ടില്ലെന്നും അറിയിച്ചു.

Read more

ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെ ഗോസംരക്ഷണത്തിന് മുന്നില്‍ നില്‍ക്കുന്നവരാണ് തങ്ങളെന്നും ബീഫ് മുഖ്യ ആഹാരമായ സ്ഥലങ്ങളില്‍ പോലും തങ്ങള്‍ ഗോസംരക്ഷണവുമായി എത്തുന്നവരാണെന്നും ഇസ്‌കോണ്‍ ദേശീയ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഇസ്‌കോണിന്റെ അഭ്യുദയകാംക്ഷിയായ മനേക ഗാന്ധി ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്നും യുധിഷ്ഠിര്‍ ഗോവിന്ദ എക്‌സ് പോസ്റ്റില്‍ കുറിച്ചു.