'ഓപ്പണിംഗില്‍ തന്നെ സിക്സറടിച്ച അനുഭവം, സി.പി.എം നടുങ്ങി'; ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണ അത്ഭുതപ്പെടുത്തിയെന്ന് ജയറാം രമേശ്

ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണ അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. കേരളത്തില്‍ 18 ദിവസം എങ്ങനെ പിടിച്ചു നില്‍ക്കുമെന്നതില്‍ ഉത്കണ്ഠയുണ്ടായിരുന്നെന്നും എന്നാല്‍ ഓപ്പണിംഗില്‍ തന്നെ സിക്സറടിച്ച അനുഭവമാണ് കേരളം സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പണിംഗില്‍ തന്നെ സിക്സറടിച്ച അനുഭവം. അത് വല്ലാത്ത ആത്മവിശ്വാസമാണ് തന്നത്. ഭാരത് ജോഡോ യാത്ര ട്വറ്റി20 അല്ല. മാരത്തണാണ്. കേരളത്തിലെ സ്വീകാര്യത കര്‍ണാടകയിലും നിലനിര്‍ത്തുകയാണ് ഇനിയുള്ള വെല്ലുവിളി. അവിടെ ബിജെപിയാണ് ഭരിക്കുന്നത്.

അസാധാരണ പ്രതികരണമാണ് യാത്രക്ക് ലഭിച്ചത്. ഇത് പ്രതീക്ഷിച്ചിരുന്നതല്ല. ഞങ്ങളെ ഇത് അത്ഭുതപ്പെടുത്തിയെങ്കില്‍ സിപിഐഎമ്മിനെ അത് നടുക്കി. ബിജെപിയെ പരിഭ്രാന്തരാക്കിയെന്നും ജയറാം രമേശ് പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. ഗുണ്ടല്‍പേട്ടില്‍ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. ഗൂഡല്ലൂരില്‍ നിന്ന് പുറപ്പെടുന്ന രാഹുല്‍ ഗാന്ധിയെ മേല്‍ കമ്മനഹള്ളിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും.

കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കും. കര്‍ഷക നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. കര്‍ണാടകയില്‍ നിയസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്.