ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ജെപി നദ്ദ; അനില്‍ ആന്റണിയും ടോം വടക്കനും ഒപ്പം

ക്രിസ്തുമസ് ദിനത്തില്‍ ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ സിബിസിഐ ആസ്ഥാനം സന്ദര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. അനില്‍ ആന്റണി, ടോം വടക്കന്‍ തുടങ്ങിയ മലയാളി ബിജെപി നേതാക്കളും ജെപി നദ്ദയ്‌ക്കൊപ്പമുണ്ട്. സിബിസിഐ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയ നദ്ദയെ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കന്‍ സ്വീകരിച്ചു.

തുടര്‍ന്ന് ഡല്‍ഹി രൂപത ബിഷപ്പ് അനില്‍ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവയും ജെപി നദ്ദയെ അനുഗമിച്ചു. രൂപത ബിഷപ്പ് അനില്‍ കൂട്ടോയ്‌ക്കൊപ്പം സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനകളിലും ജെപി നദ്ദ പങ്കെടുത്തു. രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആശങ്ക ജെപി നദ്ദയെ അറിയിച്ചതായി അനില്‍ കൂട്ടോ വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭാഗത്ത് ക്രൈസ്തവരെ ചേര്‍ത്തുനിര്‍ത്തുന്നതായി നടിക്കുകയും മറുവശത്ത് മോദിയെ അധികാരത്തിലെത്തിച്ച ആര്‍എസ്എസ് ക്രൈസ്തവരെ ആക്രമിക്കുന്നുവെന്നും ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആരോപിച്ചു.