ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയുള്ള വിജ്ഞാപനം പുറത്തിറക്കി. കൊളീയത്തിന്റെ ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഔദ്യോഗിക വസതിയിൽ നിന്ന് അനധികൃതമായി പണം കണ്ടെത്തിയതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കൊളീജിയത്തിന്റെ നടപടി.

സ്ഥലം മാറ്റം പിൻവലിക്കണമെന്ന് ബാർ അസോസിയേഷനുകൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടിരുന്നു. യശ്വന്ത്‌വർമ്മയെ ചുമതലകളിൽ നിന്നും മാറ്റി നിർത്തണമെന്നും ബാർ അസോസിയേഷനുകൾ ആവശ്യം ഉന്നയിച്ചിരുന്നു. സ്ഥലം മാറ്റത്തിനെതിരെ അലഹബാദ്
ഹൈക്കോടതി ബാർ അസോസിയേഷന്റെ പ്രതിഷേധം നിലനിന്നിരുന്ന സാഹചര്യവും ഉണ്ടായിരുന്നു.

അതേസമയം, ജസ്റ്റിസ് യശ്വന്ത്‌വർമ യുടെ വസതിയിൽ ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഷോർട്ട് സർക്യുട്ടാണ് തീപിടുത്തത്തിന്റെ കാരണം എന്നാണ് പ്രാഥമിക പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ഈ ഷോർട്ട് സർക്യുട്ടിന്റെ കാരണം അറിയാൻ ഡൽഹി പൊലീസ് വൈദ്യുത വിഭാഗത്തിൽ നിന്നും റിപ്പോർട്ട് തേടിയിരിക്കുകയാണ്.