കങ്കണ റണാവത്തിന് മര്‍ദ്ദനം; വിമാനത്താവളത്തില്‍ വച്ച് തല്ലിയത് സിഐഎസ്എഫ് ഉദ്യോഗസ്ഥ

ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ നിയുക്ത എംപിയും ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ഛണ്ഡിഗഢ് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് കങ്കണയെ മര്‍ദ്ദിച്ചതെന്നാണ് പരാതി.

ഇന്ന് ഉച്ച കഴിഞ്ഞ് ഡല്‍ഹി യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ താരത്തെ സിഐഎസ്എഫ് വനിത സുരക്ഷ ഉദ്യോഗസഥ കുല്‍വീന്ദര്‍ കൗര്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. സുരക്ഷ പരിശോധനയ്ക്കായി കങ്കണയുടെ ഫോണ്‍ ട്രേയില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിയുക്ത ബിജെപി എംപി തയ്യാറായില്ല.

തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥയെ പിടിച്ച് തള്ളുകയും ചെയ്തതോടെയാണ് കുല്‍വീന്ദര്‍ കൗര്‍ കങ്കണയെ തല്ലിയതെന്നാണ് വിവരം. അതേസമയം കര്‍ഷക സമരത്തെയും കര്‍ഷകരെയും അപമാനിച്ചതിനാണ് താന്‍ മര്‍ദ്ദിച്ചതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥ പറഞ്ഞതായാണ് കങ്കണയുടെ ആരോപണം.

കങ്കണയുടെ പരാതിയെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു.