എസ്ബിഐയും പിഎന്‍ബിയുമായി ഇനി ഇടപാടുകള്‍ വേണ്ട; എല്ലാ നിക്ഷേപങ്ങളും ഉടന്‍ പിന്‍വലിക്കണം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍; സിദ്ധരാമയ്യയുടെ നിര്‍ണായക നീക്കം

കര്‍ണാടക സര്‍ക്കാരിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ ഇടപാടുകള്‍ അവസാനിപ്പിക്കാനും നിക്ഷേപങ്ങള്‍ ഉടന്‍ പിന്‍വലിക്കാനും ധനകാര്യ സെക്രട്ടറി ഇന്നലെ ഉത്തരവ് പുറത്തിറക്കി.

പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ നിക്ഷേപിച്ച സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി വ്യാപക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ബാങ്കുകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്.

അതേസമയം, സര്‍ക്കാവരിന്റെ ഇത്തരത്തിലുള്ള നീക്കത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇരു ബാങ്കുകളും വ്യക്തമാക്കി.