പാല്‍ വില്‍പ്പനയില്‍ റെക്കോഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

പാല്‍ വില്‍പ്പനയില്‍ റെക്കോഡിട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍(കെ.എം.എഫ്.). കടുത്ത ചൂട് തുടരുന്നതിനിടെ കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള ‘നന്ദിനി’ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വന്‍ മുന്നേറ്റമാണ് വിപണിയില്‍ നടത്തുന്നത്.

ഈ മാസം ഒറ്റദിവസം 51 ലക്ഷം ലിറ്റര്‍ പാലും 16.5 ലക്ഷം ലിറ്റര്‍ തൈരും വിറ്റാണ് നന്ദിനി പുതിയ റെക്കോഡിട്ടത്. എപ്രില്‍ ഒന്‍പതിനും 15-നും ഇടയില്‍ ഉഗാദി, രാമനവമി, ഈദുല്‍ഫിത്തറടക്കമുള്ള ആഘോഷങ്ങള്‍ വന്നതും, തിരഞ്ഞെടുപ്പ് പ്രചരണം കത്തിക്കേറിയതും വില്‍പ്പന വര്‍ധിക്കാന്‍ ഇടയായെന്ന് കെ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ എം.കെ. ജഗദീഷ് പറഞ്ഞു. ചൂടുകൂടിയതാണ് വില്‍പ്പന വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും അദേഹം വ്യക്തമാക്കി.

നന്ദിനി ഐസ്‌ക്രീമുകളുടെ വില്‍പ്പനയിലും കഴിഞ്ഞവര്‍ഷത്തെക്കാള്‍ 40 ശതമാനം വര്‍ധനയുണ്ടായതായി. നേരത്തേ നന്ദിനി പാലിന്റെ ഒറ്റദിവസത്തെ ഏറ്റവുംകൂടിയ വില്‍പ്പന 44 ലക്ഷം ലിറ്ററായിരുന്നു. ഇതാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.