കുമ്മനം ഡല്‍ഹിയിലേക്ക് തിരിച്ചു, അല്‍ഫോന്‍സ് കണ്ണന്താനത്തിനും സാധ്യത

നരേന്ദ്ര മോദി മന്ത്രിസഭയിലെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരനെയും അല്‍ഫോന്‍സ് കണ്ണന്താനത്തേയും പരിഗണിച്ചേക്കുമെന്ന് സൂചന. ദേശീയ നേതൃത്വം വിളിച്ചതനുസരിച്ച് കുമ്മനം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. കണ്ണന്താനം ആദ്യഘട്ടത്തില്‍ തന്നെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാവുമെന്നാണ് സൂചനകള്‍. കുമ്മനത്തിന് മന്ത്രിസ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കള്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയായത്.പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ റാം മേഘ്വാള്‍, നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് ധര്‍മ്മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി എന്നിവര്‍ മന്ത്രിമാരായി തുടരും. അപ്നാദള്‍ നേതാവ് അനുപ്രിയപട്ടേലും മന്ത്രിസഭയില്‍ തുടരും.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ പരിഗണിച്ച് അതുവരെ അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്.