ഹാത്രാസിലേക്കുള്ള യാത്രാമദ്ധ്യേ പൊലീസുകാർ ലാത്തിച്ചാർജ് നടത്തി, നിലത്തേക്ക് തള്ളിയെന്ന് രാഹുൽ ഗാന്ധി

ഹാത്രാസിലേക്കുള്ള യാത്രാമദ്ധ്യേ വാഹനവ്യൂഹം പൊലീസ് തടഞ്ഞതിനെ തുടർന്ന് ഡൽഹിക്കും ഉത്തർപ്രദേശിനുമിടയിലുള്ള ദേശീയപാതയിൽ താനും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയും മാർച്ച്‌ നടത്തുന്നതിനിടെ പൊലീസുകാർ ലാത്തിച്ചാർജ് നടത്തിയെന്നും നിലത്തേക്ക് തള്ളിയിട്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗ കൊലയ്ക്ക് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനാണ് ഇരുവരും യാത്ര തിരിച്ചിത് എന്നാൽ വാഹനവ്യൂഹം പൊലീസ് തടഞ്ഞതിനെ തുടർന്ന് കാൽനടയായി യാത്ര തുടരുകയായിരുന്നു.

ക്രൂരമായ പീഡനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് ബന്ധുക്കൾക്ക് വിട്ടു നൽകാതെ രാത്രിയിൽ സംസ്‌കരിച്ചത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

യാത്ര തുടരാൻ ഉത്തർപ്രദേശ് പൊലീസ് വിസമ്മതിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നൂറുകണക്കിന് അനുയായികളുമായി റോഡിൽ കുത്തി ഇരുന്നു.

Read more

“ഇപ്പോൾ പൊലീസ് എന്നെ തള്ളിയിട്ടു, എന്നെ ലാത്തിചാർജ് ചെയ്ത് നിലത്തേക്ക് എറിഞ്ഞു. മോദിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാൻ കഴിയുകയുള്ളോ? ഒരു സാധാരണ വ്യക്തിക്ക് നടക്കാൻ കഴിയില്ലേ? ഞങ്ങളുടെ വാഹനം തടഞ്ഞു, അതിനാൽ ഞങ്ങൾ നടക്കാൻ തുടങ്ങി,” രാഹുൽ ഗാന്ധി പറഞ്ഞു.