കര്‍ണാടക പ്രതിസന്ധി: ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് യദ്യൂരപ്പ

കര്‍ണാടക പ്രതിസന്ധിയില്‍ നയം വ്യക്തമാക്കി ബിജെപി. ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ബി എസ് യദ്യൂരപ്പ അറിയിച്ചു. 105 എം.എല്‍.എമാരുടെ പിന്തുണയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ജൂലൈ 12ന് ശേഷം തീരുമാനിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും “ഓപറേഷന്‍ താമര” നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചു. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

Read more

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 13 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാരാണ് സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമര്‍പ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജി സമര്‍പ്പിച്ച പത്തുപേരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് മുംബൈയിലേക്കു മാറ്റിയത്. എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതൃത്വം അനുനയത്തിനായി തിരക്കിട്ട നീക്കങ്ങളാണ് മുംബൈയില്‍ നടക്കുന്നത്.