അദാനിയുടെ സെല്‍ കമ്പനികളുമായി സെബി ചെയര്‍പേഴ്സണ്‍ ബന്ധമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ വിവാദം പുകയുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് തള്ളി സെബി മേധാവി മാധബി പുരി ബുച്ചും ഭര്‍ത്താവ് ധാവല്‍ ബുച്ചും രംഗത്തെത്തി. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മാധബി പുരി ബുച്ച് പറയുന്നു.
നിക്ഷേപങ്ങളെല്ലാം പരസ്യപ്പെടുത്തിയതാണ്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും സെബി മേധാവി പറയുന്നു. ഹിന്‍ഡന്‍ബര്‍ഗിന് സെബി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു, ഇതിന്റെ പ്രതികാരമാണ് സ്വഭാവഹത്യയെന്നും മാധബിയും ധാവല്‍ ബുച്ചും പറയുന്നു.
അതേസമയം ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലില്‍ സെബിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെബിയുടെ വിരുദ്ധ താല്പര്യങ്ങള് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജെപിസി രൂപീകരിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ഇഡി തയ്യാറാകുമോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു.
സെബി ചെയര്പേഴ്സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോർട്ട്. മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. ഈ ബന്ധം കാരണമാണ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സെബി നടപടി എടുക്കാതിരുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.