'ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന പരാമര്‍ശം'; അനില്‍ സൗമിത്രയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു

മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞ് രംഗത്തെത്തിയ മധ്യപ്രദേശിലെ ബി.ജെ.പി വക്താവ് അനില്‍ സൗമിത്രയെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും സൗമിത്രയെ പുറത്താക്കി.

പ്രജ്ഞ സിംഗിന്റെ ഗോഡ്സെ അനുകൂല പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു അനില്‍ സൗമിത്രയുടെ വിവാദ പരാമര്‍ശം. മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണ്. കോണ്‍ഗ്രസാണ് മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവാക്കിയതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ത്യയ്ക്ക് അങ്ങിനെയൊരു രാഷ്ട്രപിതാവിനെ ആവശ്യമില്ലെന്നും അനില്‍ സൗമിത്ര വ്യക്തമാക്കിയിരുന്നു.

നേരത്തേ ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂര്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രജ്ഞയ്ക്ക് പിന്തുണയുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയും ബിജെപി എം. പി നളിന്‍ കുമാര്‍ കട്ടീലുമാണ് ഗോഡ്സെയെ അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നത്. അതേസമയം, പ്രജ്ഞ സിംഗിന്റെ പ്രസ്താവനയെ ബി ജെ പി തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇരുവരും മാപ്പു പറഞ്ഞിരുന്നു.