ബീഫ് വിറ്റതിന് മലയാളിയുടെ ഹോട്ടല്‍ പൂട്ടിച്ചെന്ന് പരാതി

ബീഫ് വിഭവങ്ങള്‍ വില്‍പ്പന നടത്തിയതിന് മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചു. ഗുരുഗ്രാമില്‍ രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്.

ഒരു വര്‍ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇദ്ദേഹം ഹോട്ടല്‍ തുടങ്ങിയത്. ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെത്തി കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

കെട്ടിട ഉടമയും മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കടയടച്ചത്. അടച്ചില്ലെങ്കില്‍ ഹോട്ടല്‍ കത്തിച്ചുകളയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ഉടമ പറഞ്ഞു. ഇദ്ദേഹത്തിന്റെ തന്നെ സൗത്ത് ഡല്‍ഹിയിലുള്ള ഹോട്ടലിലും ഇതേ കാരണത്താല്‍ നേരത്തേ ചില ആളുകളെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് പോത്ത് കറികള്‍ മെനുവില്‍നിന്ന് ഒഴിവാക്കേണ്ടിവന്നു. ഗാസിപുര്‍ മാര്‍ക്കറ്റിലുള്ള സര്‍ക്കാര്‍ അംഗീകൃത അറവുശാലയില്‍നിന്നാണ് പോത്തിറച്ചി വാങ്ങുന്നതെന്ന് ഉടമ പറഞ്ഞു. ഹോട്ടല്‍ നടത്താനുള്ള എല്ലാ അനുമതികളും വാങ്ങിയിട്ടുണ്ടെന്നും അലി പറഞ്ഞു. 004 മുതല്‍ ഡല്‍ഹിയില്‍ ഹോട്ടല്‍ വ്യവസായരംഗത്തുള്ളയാളാണ് ഇദ്ദേഹം.