അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

പശ്ചിമ ബംഗാളിലെ അധ്യാപക റിക്രൂട്ട്‌മെന്റ് നടപടികള്‍ റദ്ദാക്കിയത് സുപ്രീംരകോടതി ശരിവച്ചതിന് പിന്നാലെ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. 25,000 അധ്യാപക, അനധ്യാപക നിയമനങ്ങള്‍ ഹൈക്കോടതിയാണ് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സുപ്രീം കോടതിയ്‌ക്കെതിരെയും മമത ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചു. സുപ്രീംകോടതി ഉത്തരവ് അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എങ്കിലും വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. യോഗ്യരായ ഒരാളുടെ പോലും ജോലിനഷ്ടപ്പെടാന്‍ താന്‍ സമ്മതിക്കില്ലെന്നും മമത അറിയിച്ചു.

ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംഗമത്തില്‍ നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ഒപ്പം നിന്നതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഈ വിധി തങ്ങള്‍ അംഗീകരിച്ചുവെന്ന് ധരിക്കരുത്. നിങ്ങളുടെ ദുഃഖം തങ്ങളുടെ ഹൃദയത്തെയാണ് വേദനിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ അവരെന്നെ ജയിലിലടച്ചേക്കാം. താനത് കാര്യമാക്കുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ഉത്തരവില്‍ നിറയെ അവ്യക്തതകളുണ്ടെന്നും അവര്‍ ആരോപിച്ചു. യോഗ്യരാവരാണെന്നും അല്ലാത്തവരാരൊക്കെയെന്നും സുപ്രീംകോടതി പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യാനുള്ള അവസരം സര്‍ക്കാരിന് കോടതി നല്‍കിയില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.