ക്ഷേത്രത്തില്‍ കയറും മുമ്പ് മതം തെളിയിക്കേണ്ടി വരുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്ന് മമതാ ബാനര്‍ജി

ക്ഷേത്രത്തില്‍ പ്രവേശിക്കും മുമ്പ് മതം തെളിയിക്കേണ്ടി വരുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുന്‍ സര്‍ക്കാറിനെയും താരതമ്യം ചെയ്യാനും മമത ബിജെപിയെ വെല്ലുവിളിച്ചു. കൊല്‍ക്കത്തയില്‍ മ്യൂസിയം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മുന്‍ സര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ ദുര്‍ഗാപൂജകള്‍ തൃണമൂല്‍ സര്‍ക്കാര്‍ ഇത്തവണ നടത്തുമെന്നും അവര്‍ പറഞ്ഞു. ഞാനൊരു ഹിന്ദുവാണ്. പക്ഷേ, മറ്റുള്ളവരുടെ വിശ്വാസത്തെയും മതത്തെയും ബഹുമാനിക്കും. മതാടിസ്ഥാനത്തില്‍ ജനത്തെ ഭിന്നിപ്പിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ല. തൃണമൂല്‍ സര്‍ക്കാരിനെ ദ്രോഹിക്കുന്ന നടപടി ബിജെപി തുടരുകയാണെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

Read more

നേരത്തെ ദുര്‍ഗാപൂജ കമ്മിറ്റികള്‍ക്ക് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്‍കിയതിനെതിരെ മമതാബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു.