കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; തമിഴ്നാട്ടിൽ കർശന സുരക്ഷ

കേരളത്തിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും കനത്ത സുരക്ഷ. സംസ്ഥാനത്ത് സുരക്ഷാ പരിസോധനകൾ കർശനമാക്കാനാണ് തീരുമാനം. 14 അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി.കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. 160 പോലീസുകാരെ കൂടി അതിർത്തികളിൽ വിന്യസിച്ചു.

കേരളത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പരിക്കേറ്റവർ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത ശക്തമാക്കുമെന്നും അറിയിപ്പിലുണ്ട്.കോയമ്പത്തൂരിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസമാണ് വയനാട് പെരിയ ചപ്പാരത്ത് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലിൽ ചന്ദ്രു, ഉണ്ണിമായ എന്നിവർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഞ്ചം​ഗ സംഘമാണ് പെരിയയിലെത്തിയത്. രണ്ട് മാവോയിസ്റ്റുകൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇവർക്കായി കണ്ണൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവർക്ക് വെടിയേറ്റിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു. കണ്ണൂർ അയ്യൻകുന്നിലും മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. .