ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്

ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷ സേന. നാരായണ്‍പൂര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോവാദികളെ സുരക്ഷ സേന വധിച്ചത്. ഉച്ചയ്ക്ക് നാരായണ്‍പൂര്‍-ദന്തേവാഡ ജില്ല അതിര്‍ത്തിയില്‍ അബുജ്മദ് വനത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എകെ സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും മറ്റ് ആയുധങ്ങളുമാണ് കണ്ടെടുത്തത്. എന്നാല്‍ ഇവയുടെ എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഇതുവരെ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും ദന്തേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് വ്യക്തമാക്കി.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ ജില്ലാ റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 16ന് 29 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഇതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന വലിയ ഏറ്റുമുട്ടലാണ് ദന്തേവാഡ ജില്ല അതിര്‍ത്തിയിലേത്.