കര്‍ണാടകയില്‍ വന്‍ ലഹരിവേട്ട; 37.87 കിലോ എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കന്‍ യുവതികള്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ വന്‍ ലഹരിവേട്ട. മംഗളൂരു സിറ്റി പൊലീസും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കന്‍ യുവതികള്‍ അറസ്റ്റിലായത്. 37.87 കിലോ എംഡിഎംഎയാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.

ദക്ഷിണാഫ്രിക്കയിലെ അഗ്‌ബോവില്ല സ്വദേശി ബാംബ ഫാന്‍ എന്ന അഡോണിസ് ജബുലിലേ, അബിഗയില്‍ അഡോണിസ് എന്ന ഒലിജോ ഇവാന്‍സ് എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു സിറ്റി പൊലീസിന്റെ മയക്കുമരുന്ന് രഹിത മംഗളൂരു പദ്ധതിയുടെ ഭാഗമായി നടന്ന ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതുകൂടാതെ, മണിപ്പൂര്‍, അസം സംസ്ഥാനങ്ങളില്‍ നിന്ന് 88 കോടിയുടെ മെത്താംഫെറ്റമിന്‍ ഗുളികകളും പിടിച്ചെടുത്തു. ഇവയുള്‍പ്പെടെ രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്നാണ് പിടികൂടിയത്. മണിപ്പൂരിലെ ഇംഫാലിലും അസമിലെ ഗുവാഹത്തിയിലും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകള്‍ കണ്ടെത്തിയത്.