പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ ഇന്ത്യൻ രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശ പ്രകാരമാണ് ചോക്‌സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. മെഹുൽ ചോക്സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്.
13,500 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലാണ് ചോക്‌സിയുടെ പങ്ക് ആരോപിക്കപ്പെടുന്നത്. സിബിഐയുടെ അപേക്ഷയിൽ ബെൽജിയം പൊലീസ് ശനിയാഴ്ചയാണ് 65കാരനായ മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ ജയിലിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
2018ലും 2021ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്. ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിൽ താമസിച്ചു വരികയായിരുന്നു ചോക്‌സി. മെഹുൽ ചോക്സിക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യൻ അന്വേഷണ ഏജൻസികളായ ഇഡി, സിബിഐ എന്നിവരാണ് മെഹുൽ ചോക്സിയെ ബെൽജിയത്തിൽനിന്നു നാടുകടത്തണമെന്ന് ആവശ്യപ്പെട്ടത്. മെഹുൽ ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇന്ത്യയുടെ ആരോപണം. 2019ൽ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.