കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ രാജ്യാന്തര പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിഷയം രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും, ദുരുദ്ദേശത്തോടെയുള്ള പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിഷയം ബഹുമാനപ്പെട്ട കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളില്‍ നിന്ന് കൊണ്ടാണ് വിഷയങ്ങള്‍ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അടുത്തറിയുന്നവര്‍ക്ക് ഈ സാഹചര്യങ്ങള്‍ മനസിലാകും. രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ മറ്റ് ലക്ഷ്യങ്ങള്‍ വച്ചു കൊണ്ടുള്ള പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യുന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിണ്‍ഡം ബാഗ്ചി പ്രതാവനയില്‍ പറഞ്ഞു.
Our response to media queries on India’s reaction to comments by some countries on dress code in some educational institutions in Karnataka:https://t.co/Mrqa0M8fVr pic.twitter.com/pJlGmw82Kp
— Arindam Bagchi (@MEAIndia) February 12, 2022
ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി അമേരിക്കയും, പാകിസ്ഥാനും രംഗത്തെത്തിയിരുന്നു. മതസ്വാതന്ത്ര്യം ലംഘിക്കുന്നതിനാല്‍ കര്‍ണാടക സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കരുതെന്ന് യു.എസ് അംബാസഡര്‍ റാഷദ് ഹുസൈന്‍ പറഞ്ഞിരുന്നു. മത സ്വാതന്ത്ര്യത്തില്‍ ഒരാള്‍ക്ക് അവരുടെ മതപരമായ വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു. സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ മതപരമായ അസഹിഷ്ണുതയും വിവേചനവും ആരോപിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്ത് വന്നിരുന്നു.
നിലവില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ അറിയിച്ചിരുന്നു.
Read more
വിധി പുറപ്പെടുവിക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും കോടതി അറിയിച്ചു. കാവി ഷാള്‍, സ്‌കാര്‍ഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കുന്നതിന് വിലക്കുണ്ട്. ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം പുനരാരംഭിക്കും.