മണിപ്പൂർ കലാപത്തിൽ മൗനം വെടിഞ്ഞ് മോദി, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് അവകാശവാദം

ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ മണിപ്പൂർ സംഘർഷത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് മോദി അവകാശപ്പെട്ടു. പ്രാദേശിക ദിനപത്രമായ ‘അസം ട്രിബ്യൂണി’നു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നത്.

സംഘർഷത്തിനു പരിഹാരം കാണാനായി സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ തങ്ങി സംഘർഷം പരിഹരിക്കാൻ ഇടപെട്ടു. വിവിധ തലത്തിലുള്ള വ്യക്തികളുമായി ഷാ 15ലേറെ യോഗങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ പിന്തുണയും നിരന്തരമായി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കലാപ ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ മണിപ്പൂരില്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കൃത്യമായി പരിഗണിച്ചാണ് കേന്ദ്രം സഹായമെത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അഭയാർഥി ക്യാംപുകളിൽ കഴിയുന്നവർക്കായി സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള പരിഹാര നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

Read more

അതേസമയം മണിപ്പൂരിലെ സാഹചര്യം അതിരൂക്ഷമായ ഘട്ടത്തില്‍ പാര്‍ലമെന്റില്‍ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുകയും തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും അഭിമുഖങ്ങളിലോ പൊതുവേദികളിലോ വിഷയത്തില്‍ മോദി ഇതുവരെ പ്രതികരിച്ചിരുന്നില്ല.