കേരളത്തിന് 2014 മുതൽ 2024 വരെ പത്ത് വർഷത്തിനിടെ മോദി സർക്കാർ കേരളത്തിന് നൽകിയത് 1.57 ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ല. യുപിഎ കാലത്തെക്കാൾ 239 ശതമാനം കൂടുതലാണ് മോദി സർക്കാർ കാലത്ത് ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ ധനബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു നിർമലാ സീതാരാമൻ.
46,300 കോടിയാണ് 2004 മുതൽ 2014 വരെയുള്ള യുപിഎ കാലത്ത് കേരളത്തിന് കിട്ടിയത്. ഫിനാൻസ് കമ്മിഷന്റെ ശുപാർശ പ്രകാരമുള്ളതെല്ലാം നൽകി. ഗ്രാന്റുകൾ 509 ശതമാനം കൂട്ടി. യുപിഎ കാലത്ത് 25,630 കോടിയാണ് ലഭിച്ചത്. ധനകാര്യ കമ്മിഷൻ ശുപാർശ നൽകാതെ കോവിഡിനുശേഷം സാമ്പത്തികമായി സംസ്ഥാനങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 50 കൊല്ലത്തേക്ക് പലിശയില്ലാത്ത വായ്പയായി കേരളത്തിന് 2715 കോടി സഹായം നൽകി.
കൊല്ലത്ത് ദേശീയപാതയിൽ ഒരു ചെറിയഭാഗം പരസ്പരം ബന്ധിപ്പിക്കാനാവാതിരുന്നത് 40 കൊല്ലമാണ്. മോദി ഭരണത്തിലാണ് ആ ചെറിയ ഭാഗം പൂർത്തീകരിച്ചത്. കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന സ്ഥിരം പല്ലവി വേദനിപ്പിക്കുന്നതാണ്. കടമെടുക്കൽ പരിധി ഉയർത്താൻ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കോടതി പറഞ്ഞത് സംസ്ഥാനം നിയന്ത്രണമില്ലാതെയുണ്ടാക്കിയ സാമ്പത്തിക ദുരന്തത്തിന് കേന്ദ്രത്തിന് ബാധ്യതയില്ലെന്നാണ്.
കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് സിഎജി 2024-ലിറക്കിയ റിപ്പോർട്ടിൽ പറയുന്നത് 2022-23-കാലത്ത് 97.88 ശതമാനം കടമെടുപ്പും നേരത്തേയുള്ള കടം വീട്ടാനാണെന്നാണ്. 2023-24-കാലത്ത് കേരളത്തിന് അനുവദിച്ച 94,649 കോടി രൂപ ശമ്പളം, പലിശ, പെൻഷൻ എന്നിവ നൽകാനാണ്. വരുമാനത്തിന്റെ 74 ശതമാനം വരുമിത്. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളുടെ തലതിരിഞ്ഞ നയമാണിതിന് കാരണം. എന്നാൽ കേരളത്തിന് നൽകുന്നതിൽ നിന്ന് കേന്ദ്രത്തെ ഇതൊന്നും തടയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
Read more
പാലക്കാട് വ്യവസായമേഖല, കണ്ണൂർ വിമാനത്താവളം, കോട്ടയം ഗ്രീൻഫീൽഡിന് അനുമതി, 1300 കിലോമീറ്റർ ദേശീയപാത, വാട്ടർ മെട്രോ, 27 കിലോമീറ്റർ കൊച്ചി മെട്രോ തുടങ്ങിയവയൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനുവദിച്ചതെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ഇതെല്ലാം പഴയകഥയാണെന്ന് സിപിഐ അംഗം പി സന്തോഷ് കുമാർ പറഞ്ഞപ്പോൾ നമ്പൂതിരിപ്പാടിന്റെ സർക്കാരിനെ കോൺഗ്രസ് തൂത്തെറിഞ്ഞ പഴയ കഥ നിങ്ങൾ മറന്നോയെന്ന് മന്ത്രി ചോദിച്ചു.