കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ ബാംഗ്ലൂർ സെഷൻസ് കോടതി തള്ളി.
എൻഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന് ജാമ്യത്തിനായി ഇനി ഹൈക്കോടതിയെ സമീപിക്കണം.

അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്.

നിലവില്‍ പരപ്പന അഗ്രഹാര ജയിലിൽ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് ബിനീഷിന്‍റെ അഭിഭാഷകന്‍ നല്‍കിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയില്‍ ബനീഷിന്‍റെ അഭിഭാഷകരുടെ വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. എൻഫോഴ്സ്മെന്റിനു വേണ്ടി അഡീഷണല്‍ സോളിസിറ്റർ ജനറലാണ് ഹാജരായത്.