കള്ളപ്പണം വെളുപ്പിക്കല്‍; ഹിന്ദു ഐടി സെല്ലിന്റെ പരാതിയില്‍ റാണാ അയ്യൂബിന്റെ 1.77 കോടി രൂപ കണ്ടുകെട്ടി ഇഡി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ 1.77 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പൊതു ജനങ്ങളില്‍ നിന്ന് സമാഹരിച്ച ചാരിറ്റബിള്‍ ഫണ്ടുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഹിന്ദു ഐ.ടി സെല്‍ എന്ന എന്‍.ജി.ഒയുടെ സ്ഥാപകന്‍ വികാസ് സംകൃത്യായന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

റാണയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് മൊത്തം 1,77,27,704 രൂപയുടെ നിക്ഷേപങ്ങളാണ് ഇ.ഡി അറ്റാച്ച് ചെയ്തിട്ടുള്ളത്. കെറ്റൊ എന്ന ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി റാണാ അയ്യൂബ് സ്വരൂപിച്ച 2.69 കോടിയിലധികം രൂപയുടെ ഫണ്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പൊലീസ് നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

Read more

ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഫണ്ട് 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍, 2020 ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി, കൂടാതെ 2021 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ കോവിഡ്-19 ബാധിച്ച ആളുകള്‍ക്കുള്ള സഹായത്തിനും വേണ്ടിയാണ് റാണ പണം സ്വരൂപിച്ചത്.