കള്ളപ്പണം വെളുപ്പിക്കൽ കേസ്; നോറ ഫത്തേഹി, ജാക്വിലിൻ എന്നിവരെ ഇഡി ചോദ്യം ചെയ്യും

സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടിമാരായ ജാക്വിലിൻ ഫെർണാണ്ടസിനെയും നോറ ഫത്തേഹിയെയും വ്യാഴാഴ്ച ചോദ്യം ചെയ്യാനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചു.

ഇഡിയുടെ ഡൽഹി ഓഫീസിൽ ഹാജരാകാനാണ് നോറ ഫത്തേഹിയോട് ആവശ്യപ്പെട്ടത്. നടി ജാക്വിലിൻ ഫെർണാണ്ടസിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ജാക്വിലിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.

സുകേഷ് ചന്ദ്രശേഖറിനെതിരെ നൽകിയ വഞ്ചന കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം നോറ ഫത്തേഹിയുടെ മൊഴി രേഖപ്പെടുത്തും.

സുകേഷ് ചന്ദ്രശേഖറും ജാക്വിലിനും നോറ ഫത്തേഹിയും തമ്മിൽ എന്തെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നാണ്ഏജൻസി അന്വേഷിക്കുന്നത്.

ഡൽഹി രോഹിണി ജയിലിൽ തടവുകാരനായ സുകേഷ് ചന്ദ്രശേഖർ ഒരു വർഷത്തിനിടെ ഒരു ബിസിനസുകാരനിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ഇയാൾക്കെതിരെ 20 ലധികം കവർച്ച കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജയിൽ സെല്ലിനുള്ളിൽ നിന്ന് ഇയാൾ ഒരു തട്ടിപ്പ് സംഘം പ്രവർത്തിപ്പിച്ചു എന്നും ആരോപണമുണ്ട്.

Read more

കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന സുകേഷിന്റെ ഭാര്യ ലീന മരിയ പോളിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സുകേഷ് ചന്ദ്രശേഖർ, ഭാര്യ ലീന, മറ്റ് നാല് സഹപ്രവർത്തകർ, ഏതാനും ജയിൽ ഉദ്യോഗസ്ഥർ എന്നിവരെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.