മോര്‍ബി തൂക്കുപാല ദുരന്തത്തിന്റെ പ്രധാന കാരണമായത് ചിലര്‍ പാലം കുലുക്കിയതാണെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുടുംബം. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം കുടുംബ സമേതം പാലം കാണാനെത്തിയ അഹമ്മദാബാദ് സ്വദേശിയായ വിജയ് ഗോസ്വാമിയാണ് പാലത്തിന്റെ പകുതി വരെ പോയശേഷം അപകടം തിരിച്ചറിഞ്ഞ് തിരികെ പോന്നത്.
വലിയ ജനക്കൂട്ടം പാലത്തിലുണ്ടായിരുന്നു. ഞാനും കുടുംബവും പാലത്തില്‍ നിന്നപ്പോള്‍ ഒരു സംഘം യുവാക്കള്‍ മനപൂര്‍വ്വം പാലം കുലുക്കാന്‍ തുടങ്ങി. എവിടെയെങ്കിലും പിടിച്ചില്ലെങ്കില്‍ വീഴുമെന്നായി. അപകടമാണെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ പാലം മുഴുവന്‍ നടന്ന് കാണാതെ തിരികെ പോന്നു,’ വിജയ് ഗോസ്വാമി പറഞ്ഞു. ‘ പാലത്തിന്റെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥരെ ചെന്ന് കണ്ട് ആളുകള്‍ പാലം കുലുക്കുന്നത് തടയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പക്ഷെ, അവര്‍ക്ക് ടിക്കറ്റ് വില്‍ക്കുന്നതില്‍ മാത്രമായിരുന്നു താല്‍പര്യം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മാര്‍ഗം ഒന്നുമില്ലെന്ന് അവര്‍ പറഞ്ഞു.
വിനോദ സഞ്ചാരികളെ ഭയപ്പെടുത്താന്‍ ഒരു പറ്റം യുവാക്കള്‍ തൂക്കുപാലത്തിന്റെ കമ്പികളില്‍ ചവിട്ടുന്നതിന്റേയും പാലം കുലുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.. ഒരു കയറില്‍ തൂങ്ങിപ്പിടിച്ച് കിടന്നതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായില്ലെന്നും ഒരു പത്ത് വയസുകാരന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. തകരുന്ന സമയത്ത് പാലത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നെന്ന് ദുരന്തത്തെ അതിജീവിച്ച മെഹുല്‍ രാവല്‍ എന്നയാള്‍ പറഞ്ഞു. ‘
Read more
132 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മാര്‍ച്ചില്‍ അടച്ചിട്ട തൂക്കുപാലം ഒരാഴ്ച്ച മുന്‍പാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തുറന്നുകൊടുത്തത്.