'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാരോപണത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് സൂചന നൽകി മുൻ പ്രധാനമന്ത്രിയും പ്രജ്വലിന്റെ മുത്തച്ഛനുമായ എച്ച്ഡി ദേവഗൗഡ. കേസിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരെ നടപടിയെടുക്കണമെന്നും ദേശീയ മാധ്യമമായ ന്യൂസ് 18-നോട് ദേവഗൗഡ പറഞ്ഞു.

‘ഈ കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്. എന്നാൽ ഞാൻ അവരുടെ പേരുകൾ പറയില്ല’ എന്നാണ് ജനതാദൾ (സെക്കുലർ) പാർട്ടിയുടെ മുതിർന്ന നേതാവും കൂടിയായ ദേവഗൗഡ പറഞ്ഞത്. പ്രജ്വലിനെതിരായ ആരോപണങ്ങളിൽ ദേവഗൗഡയുടെ ആദ്യ പ്രതികരണമാണിത്. തൻ്റെ 91-ാം ജന്മദിനത്തിലാണ് മാധ്യമത്തിനോട് ദേവഗൗഡ പ്രതികരിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൻ്റെ ജന്മദിന ആഘോഷങ്ങൾ റദ്ദാക്കിയെന്നും ദേവഗൗഡ പറയുന്നു.

കേസിൽ ചെറുമകനായ പ്രജ്വലിനെതിരെ നടപടിയുണ്ടാകുമെന്ന് ദേവഗൗഡ ഉറപ്പിച്ച പറഞ്ഞു. എന്നാൽ മകനായ രേവണ്ണയുടെ കാര്യത്തിൽ പൊലീസ് എന്താണ് ചെയ്തതെന്ന് ജനങ്ങൾ കണ്ടതാണെന്ന് ആയിരുന്നു ദേവഗൗഡയുടെ പ്രതികരണം. രേവണ്ണയ്ക്ക് കോടതിയിൽ ജാമ്യം ലഭിച്ചു, ഒരു ഉത്തരവ് കൂടി തീർപ്പാക്കാനുണ്ടെന്നും ദേവഗൗഡ പറഞ്ഞു.

പ്രജ്വലിൻ്റെ കേസിലെ ഇരകളിൽ ഒരാളായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഈ മാസം ആദ്യം രേവണ്ണയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചത്. അതേസമയം, ഇരകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് ജെഡി (എസ്) പാർട്ടി ആവശ്യപ്പെട്ടു, എച്ച്‌ഡി കുമാരസ്വാമി ഇതിനകം തന്നെ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി ദേവഗൗഡയുടെ ഇളയ മകനും പ്രജ്വലിൻ്റെ അമ്മാവനുമാണ്.

ഹസനിൽ നിന്നുള്ള എംപിയും ലോക്സഭാ എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വലിനെതിരായ ഗുരുതര ലൈംഗിക ആരോപണങ്ങളാണ് നിലവിലുള്ളത്. ആരോപണങ്ങൾക്ക് പിന്നാലെ ജർമ്മനിയിലേക്ക് കടന്നുകളഞ്ഞ പ്രജ്വലിനെതിരെ മൂന്ന് എഫ്ഐആറുകളാണ് ഉള്ളത്. പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസും നിലവിലുണ്ട്.