ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. ചൈന സന്ദർശനത്തിനിടെ ആയിരുന്നു മുഹമ്മദ് യൂനുസിന്റെ പരാമർശം. ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നായിരുന്നു യൂനുസ് പറഞ്ഞത്. കടൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കടൽ സുരക്ഷയിൽ ബംഗ്ലാദേശാണ് നിർണായകം എന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇതിലൂടെ ശ്രമിച്ചത്.
യൂനുസിന്റെ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ചൈനയുമായി കൂടുതൽ അടുത്ത് നിക്ഷേപങ്ങൾ നേടിയെടുക്കുന്നതിനാണ് യൂനുസ് ഈ ശ്രമം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. ചൈനീസ് സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയ്ക്ക് മുന്നിൽ ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇന്ത്യൻ സംസ്ഥാനങ്ങളെ പരാമർശിച്ചത്.
സാമ്പത്തികമായി തകരുകയും ഇന്ത്യയുമായി ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തിൽ ചൈനയുടെ സഹായം തേടാനാണ് യൂനുസിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിൽ കൂടുതൽ ഉത്പാദനവും നിർമാണമേഖലയിലും നിക്ഷേപം നടത്താനും വിപണനവും ചരക്കുനീക്കവും ത്വരിതപ്പെടുത്താനും യൂനുസ് ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു.
Read more
ടീസ്റ്റ നദീജല പദ്ധതിയിലേക്കും ബംഗ്ലാദേശ് ചൈനയെ ക്ഷണിച്ചു. പുറത്താക്കപ്പെട്ട ഹസീന ഭരണകൂടം ഇന്ത്യയെയാണ് ഈ പദ്ധതിയ്ക്കായി ക്ഷണിച്ചിരുന്നത്. കൂടാതെ ചൈനയിൽ നിന്ന് ഉത്ഭവിച്ച് വലിയൊരു ഭാഗം ഇന്ത്യയിലൂടെ കടന്നുപോവുന്ന യർലങ്-സാങ്പോ-ജമുന നദിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കൽ വിവരങ്ങൾ കൈമാറുന്നതിനുള്ള ധാരണപത്രവുമായി ബന്ധപ്പെട്ട ചർച്ചകളും ഇരു രാജ്യങ്ങൾ തമ്മിൽ നടന്നു.