മധുരയിൽ 'നാം തമിഴർ പാർട്ടി' പ്രവർത്തകനെ വെട്ടിക്കൊന്നു; തുടർച്ചയായ മൂന്നാം കൊലപാതകം

തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. എൻടികെ പാ‍ർട്ടിയുടെ മധുര നോർത്ത് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരുസംഘം ആളുകൾ എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴർ പാർട്ടിയുടെ പ്രവർത്തകനായിരുന്നു ബാലസുബ്രഹ്മണ്യൻ. അതേസമയം വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചൊക്കിക്കുളത്തെ വല്ലഭായി റോഡിൽ വെച്ചാണ് ആക്രമണം നടന്നത്. ബാലസുബ്രഹ്മണ്യൻ നടന്നുപോകുന്നതിനിടെ നാലിലധികം പേരടങ്ങുന്ന സംഘം ഇയാളെ തടഞ്ഞുനിർത്തി മാരകമായി മർദിച്ച ശേഷം കടന്ന് കളയുകയായിരുന്നു. ഇയാളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

പാർട്ടിയുടെ ജില്ലാ നോർത്ത് ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മധുര സെല്ലൂർ പികെഎസ് സ്ട്രീറ്റ് സ്വദേശിയാണ് സി.ബാലസുബ്രഹ്മണ്യൻ. സുബ്രഹ്മണ്യന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും നിരവധിയാളുകളുമായി ഇയാൾ സാമ്പത്തികൾ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ ജെ.ലോഗനാഥൻ സംഭവസ്ഥലം സന്ദർശിച്ചു. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം തമിഴ്നാട്ടിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ കൊല്ലപ്പെടുന്നത് പതിവാവുകയാണ്. അടുത്ത കാലത്തായി മൂന്നാം തവണയാണ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട ഈ മൂന്ന് നേതാക്കളും പ്രതിപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരായിരുന്നു. ജൂലൈ 5 നാണ് ചെന്നൈയിൽ വെച്ച് ബിഎസ്പി തമിഴ്‌നാട് അധ്യക്ഷൻ കെ ആംസ്ട്രോങ് വെട്ടേറ്റ് മരിച്ചത്. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘം അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ജൂലൈ മൂന്നിന് അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം ഷൺമുഖം സേലത്ത് കൊല്ലപ്പെടുകയായിരുന്നു. പ്രദേശത്തെ അനധികൃത ലോട്ടറി വിൽപനയ്ക്കും മയക്കുമരുന്ന് ഭീഷണിക്കുമെതിരെ പരാതി നൽകിയതിനാണ് കൊലപാതകമെന്ന് ഷൺമുഖത്തിന്റെ ഭാര്യ എസ് പരമേശ്വരി പറഞ്ഞു.