നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംഭവം രാജ്യത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടും തട്ടിപ്പില്‍ വീണ് റിട്ട എന്‍ജിനീയര്‍. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം നടന്നത്. ഡിജിറ്റല്‍ അറസ്റ്റില്‍ ഭയന്ന് ഡല്‍ഹി രോഹിണി സ്വദേശിയായ 70 വയസുകാരന്‍ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചത് 10 കോടി രൂപയാണ്.

റിട്ട എന്‍ജിനീയറുടെ പേരില്‍ തായ്‌വാനില്‍ നിന്നെത്തിയ മാരക മയക്കുമരുന്ന് അടങ്ങിയ പാഴ്‌സല്‍ പിടികൂടിയെന്ന് അറിയിച്ചാണ് തട്ടിപ്പ് സംഘം സമീപിച്ചത്. പൊലീസ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ എഴുപതുകാരനെ ഫോണില്‍ ബന്ധപ്പെട്ടത്. തന്റെ പേരിലെത്തിയ മാരക മയക്കുമരുന്ന് മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയെന്നാണ് തട്ടിപ്പുകാര്‍ അറിയിച്ചത്.

എന്‍ജിനീയറുടെ വ്യക്തിഗത വിവരങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടവര്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് തട്ടിപ്പുകാര്‍ എഞ്ചിനീയറെ നിര്‍ബന്ധിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യിപ്പിക്കുകയായിരുന്നു. ദുബായില്‍ താമസിക്കുന്ന മകനെയും സിംഗപ്പൂരില്‍ താമസിക്കുന്ന മകളെയും ആക്രമിക്കുമെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസിന് നഷ്ടമായ തുകയില്‍ നിന്ന് 60 ലക്ഷം രൂപ മരവിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ബാക്കി തുക ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണ്.