നയാബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിശ്വാസ വോട്ട് നേടി. വിശ്വാസ പ്രമേയം ശബ്ദവോട്ടെടുപ്പിലൂടെ പാസായി. ബിജെപി-ജെജെപി സഖ്യം തകര്‍ന്നതോടെയാണ് മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് ഹരിയാനയില്‍ നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി പത്ത് ജെജെപി എംഎല്‍എമാരില്‍ അഞ്ചുപേര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. 41 സീറ്റുകളുമായി ഹരിയാന നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് വിഭജനത്തോടെയാണ് ജെജെപി-ബിജെപി സഖ്യം തകര്‍ന്നത്.
Read more
ജെജെപി പിന്തുണ പിന്‍വലിച്ചതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ബിജെപി തീരുമാനം. ഇതോടെ സംസ്ഥാനത്തെ പത്ത് ലോക്‌സഭ സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. രണ്ട് സീറ്റ് വേണമെന്ന ജെജെപിയുടെ ആവശ്യം ബിജെപി നിരസിച്ചതോടെയായിരുന്നു സഖ്യത്തിന്റെ തകര്‍ച്ചയുടെ ആരംഭം.