ബാബറിയും ഗുജറാത്ത് കലാപവും പാഠപുസ്തകങ്ങളിൽ നിന്ന് പുറത്ത്; ചരിത്രത്തെ വീണ്ടും മാറ്റി എൻസിആർടി, ആര്യന്മാർ കുടിയേറിയിട്ടുണ്ടോയെന്നും സംശയം

പാഠപുസ്തകങ്ങളിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻസിഇആർടി. അടുത്ത അക്കാദമിക് വർഷത്തിലെ 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് മാറ്റങ്ങളുടെ ഭാഗമായി ഇവ ഒഴിവാക്കിയത്. ഒഴിവാക്കിയ പാഠ വിഷയങ്ങൾക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാബറി മസ്ജിദ്, ഹിന്ദുത്വ രാഷ്ട്രീയം, 2002 ലെ ഗുജറാത്ത് കലാപം, ന്യൂനപക്ഷങ്ങൾ എന്നിവയെ കുറിച്ചുള്ള ചില പരാമർശങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് എൻസിഇആർടിയുടെ പുതിയ പരിഷ്ക്കരണം. മാർച്ച് നാല് വ്യാഴാഴ്ചയാണ് എൻസിഇആർടി വെബ്സൈറ്റിൽ മാറ്റങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ചത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ്റെ കീഴിലുള്ള സ്കൂളുകളിലാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്, ഇന്ത്യയിൽ ഏകദേശം 30,000 സ്കൂളുകൾ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

പാഠപുസ്തകത്തിൽ 8-ാം അധ്യായത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ, ‘അയോധ്യ തകർക്കൽ’ എന്ന ഭാഗം ഒഴിവാക്കി. പകരം രാഷ്‌ട്രീയ സമാഹരണത്തിൻ്റെ സ്വഭാവത്തിന് രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെയും അയോധ്യ തകർക്കലിൻ്റെയും പൈതൃകം എന്താണ്? രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ പൈതൃകം എന്താണ്?’ എന്നാക്കി മാറ്റി.

‘മതേതരത്വം’ എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ, പുതിയ പാഠപുസ്തകത്തിൽ ‘2002 ലെ ഗുജറാത്ത് കലാപത്തിൻ്റെ ഇരകൾ 1,000ത്തിലധികം ആളുകൾ’ എന്നാണ് നൽകിയിരിക്കുന്നത്. നേരത്തെ ഇത് ‘ഗോധ്ര കലാപത്തിൽ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതിൽ, കൂടുതലും മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടു’ എന്നായിരുന്നു.

ഇത്തരത്തിൽ ഹാരപ്പൻ നാഗരികതയുടെയും ഗോത്രവർഗക്കാരുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിൽ അനവധി മാറ്റങ്ങൾ വരുത്തിക്കൊണ്ട് 12-ാം ക്ലാസിലെ ചരിത്ര സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളും പരിഷകരണത്തിന് വിധേയമായിട്ടുണ്ട്. ചിത്രങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നതിന്റെ പേരിൽ 12-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ വർഗീയ കലാപത്തിൻ്റെ ചില ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

ഹരിയാനയിലെ സിന്ധുനദീതട പ്രദേശമായ രാഖിഗർഹിയിൽ നിന്നുള്ള സമീപകാല കണ്ടെത്തലുകളെ ഉൾപെടുത്തിയുള്ളതാണ് തിരുത്തിയ ഭാഗങ്ങൾ. രാഖിഗർഹിയിൽ നിന്നുള്ള സമീപകാല ഡിഎൻഎ പഠനങ്ങൾ ആര്യൻ കുടിയേറ്റം എന്ന ആശയം തള്ളിക്കളയുന്നതും ഹാരപ്പന്മാരും ആര്യന്മാരും ഒന്നാണോ എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.

നിലവിലെ ഇന്ത്യൻ സംസ്കാരത്തിന് ആര്യൻ അധിനിവേശവുമായും സംസ്കാരവുമായി ബന്ധമുണ്ടെന്നത് മറയ്ക്കാനാണ് ആര്യൻമാരുടെ വരവ് ഒഴിവാക്കുന്നതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. 5,000 വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാരവും ചരിത്രവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്യൻ ചരിത്രം ഒഴിവാക്കുന്നത്. ആര്യൻ കുടിയേറ്റത്തെ തള്ളിക്കളയാൻ രാഖിഗർഹി സൈറ്റിൽ അടുത്തിടെ നടത്തിയ പുരാവസ്തു ഗവേഷണത്തെയാണ് എൻസിഇആർടി പരാമർശിക്കുന്നത്. കൂടാതെ ഹാരപ്പക്കാർ ജനാധിപത്യ സമ്പ്രദായം അനുഷ്ഠിച്ചിരുന്നതായും സൂചിപ്പിക്കുന്നുണ്ട്.