നീറ്റ് യുജി കൗൺസിലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി സുപ്രീം കോടതി ഹിയറിംഗിന് ശേഷം

2024-ലെ നീറ്റ് യു.ജി കൗൺസിലിങ് മാറ്റിവച്ചു. ഇന്നായിരുന്നു കൗൺസിലിങ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസിലിങ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി സുപ്രീം കോടതി ഹിയറിംഗിന് ശേഷം പ്രഖ്യാപിക്കും.

ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി കൗൺസലിംഗ് മാറ്റിവയ്ക്കാൻ നേരത്തെ സുപ്രീം കോടതി ഒന്നിലധികം ഹിയറിംഗുകളിൽ വിസമ്മതിച്ചിരുന്നു. നിലവിൽ 2024 ജൂലായ് 8 ന് സുപ്രീം കോടതി വാദം കേൾക്കലിന് ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കാനാണ് സാധ്യത. ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കൊപ്പം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും വാദം കേൾക്കും. നീറ്റ് യുജി 2024 മായി ബന്ധപ്പെട്ട ഒന്നിലധികം ഹർജികൾ ബെഞ്ച് പരിഗണിക്കും.

15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്കുള്ള നീറ്റ് കൗൺസലിംഗ് നടത്തുന്നത് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി/ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇന്ത്യാ ഗവൺമെൻ്റ് എന്നിവർ ചേർന്നാണ്. നീറ്റ് യുജി പരീക്ഷയിൽ 50-ാം ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ജനറൽ വിഭാഗക്കാർക്ക് നീറ്റ് അഖിലേന്ത്യാ കൗൺസിലിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ട്.

നീറ്റ് യുജി പരീക്ഷ പാസായ വിദ്യാർത്ഥികൾ ആദ്യം കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം, വിദ്യാർത്ഥി ഫീസ് അടച്ച് ചോയ്‌സുകൾ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്ത് അലോട്ട് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ടിംഗിന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് ഉൾപ്പെടെ പൂർണ്ണമായ കൗൺസിലിംഗ് ഷെഡ്യൂൾ എംസിസി പുറത്തിറക്കും. സ്‌ട്രേ വേക്കൻസി റൗണ്ടുകളും മോപ്പ്-അപ്പ് റൗണ്ടുകളും ഉൾപ്പെടെ ഒന്നിലധികം റൗണ്ടുകളിലായാണ് കൗൺസിലിംഗ് നടക്കുക.