ദോക്‌ലാമിൽ റോഡ് പണി പൂർത്തിയായി; ഏഴുമണിക്കൂർ ദൂരം താണ്ടാൻ ഇനി 40 മിനിറ്റ്

ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ദോക്‌ലാം മേഖലയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനുള്ള പുതിയ റോഡ് നിർമ്മാണം പൂർത്തിയായി. ഏഴു മണിക്കൂർ കൊണ്ട് കഴുതപ്പുറത്തോ കാൽനടയായോ മാത്രം എത്തിച്ചേരാൻ സാധിച്ചിരുന്ന ഇവിടേക്ക് റോഡ് മാർഗം ഇനി 40 മിനിട്ട് യാത്ര മതിയാകും. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് പാത നിർമ്മിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാന സൈനികത്താവളമുള്ള പ്രദേശമാണ് സിക്കിമിന് അടുത്തുള്ള ദോക്‌ലാം.

2015-ലാണ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. അതിർത്തിയിലെ സൈനിക നീക്കങ്ങളിൽ നിർണായക പ്രാധാന്യമാണ് ഈ പുതിയ പാതയ്ക്കുള്ളത്. പ്രധാനമായും സൈനിക നീക്കമാണ് ഈ സമാന്തരപാത കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സൈനിക വക്താവ് പറഞ്ഞു. ദോക്‌ലാമിൽ 2017 ജൂണിൽ ഇന്ത്യൻ-ചൈനീസ് സൈന്യം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. തർക്കമേഖലയായ ദോക്‌ലാമിലൂടെ ചൈന റോഡ് നിര്‍മ്മാണം  ആരംഭിച്ചതായിരുന്നു അന്നത്തെ സംഘർഷകാരണം. മേഖലയിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് 2017 ഓഗസ്റ്റിലാണ് സംഘർഷ സാഹചര്യം അവസാനിച്ചത്.

അതേസമയം, ദോക്‌ലാമിലേക്കുള്ള എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന രണ്ടാമത്തെ റോഡ് നിർമ്മാണം 2020-ഓടെ പൂർത്തിയാകും. ഈ റോഡിന്റെ ഏകദേശം 10 കി.മീ ദൂരം പണി പൂർത്തിയായി. ആകെ 30 കി.മീ റോഡാണിത്. ഭൂട്ടാൻ പ്രവിശ്യയുടെ ഭാഗമാണെന്ന് ഇന്ത്യയും ചൈനയുടെ ചുംബി താഴ്വരയുടെ ഭാഗമാണെന്ന് ചൈനയും കരുതുന്ന പ്രദേശമാണ് സിക്കിമിനും പശ്ചിമബംഗാളിനും ഇടയിലുള്ള ദോക്‌ലാം. 89 ചതുരശ്ര കി.മീ വിസ്തീർണമാണ് ഈ പ്രദേശത്തിനുള്ളത്.