ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക് കമ്പനിയായ എഫ് 9 ഇന്‍ഫോടെകിന് പുതിയ കേന്ദ്രമായി കൊച്ചി. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ബിസിനസ്സുകളെ സുരക്ഷിതമാക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിനും കമ്പനിയുടെ കേരളത്തിലെ പുതിയ കേന്ദ്രം സഹായിക്കും. ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയര്‍ലണ്ട്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇന്‍ഫോടെക് പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (CoE), സൈബര്‍ ഡിഫന്‍സ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ (SOC), റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന പുതിയ കേന്ദ്രം മീരാന്‍ ഗ്രൂപ്പ് അധ്യക്ഷന്‍ നവാസ് മീരാനും, സിഐഐ അധ്യക്ഷയും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റ്‌റുമായ ശാലിനി വാര്യറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24 മണിക്കൂറും സൈബര്‍ സുരക്ഷാ പരിരക്ഷ നല്‍കുന്നതിനും എഫ് 9 ഇന്‍ഫോടെക് കേരളത്തിലെ ഈ പുതിയ കേന്ദ്രം ഉപയോഗിക്കും. മികച്ചതും വേഗതയേറിയതുമായ സാങ്കേതിക പരിഹാരങ്ങള്‍ക്കും കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും പുതിയ കേന്ദ്രം ഒരുക്കും.
എഫ് 9 ഇന്‍ഫോടെക്കിന്റെ നൂതന സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പുതിയ കേന്ദ്രത്തിന് കഴിയുമെന്ന് സഹസ്ഥാപകനായ രാജേഷ് രാധാകൃഷ്ണന്‍ പറയുന്നു. ആഗോള ക്ലയന്റുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും കേരളത്തിലെ ടെക് വ്യവസായത്തിന് വളര്‍ച്ചയുടെ പുതിയ പാതയിലേക്ക് നയിക്കുന്നതിനും പുതിയ കേന്ദ്രം സഹായിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയകുമാര്‍ മോഹനചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഏഴ് രാജ്യങ്ങളിലെ ബിസിനസ്സുകള്‍ക്കും ഗവണ്‍മെന്റുകള്‍ക്കും ക്ലൗഡ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് എഫ് 9 ഇന്‍ഫോടെക്. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉദ്ഘാടന വേളയില്‍, എഫ് 9 ഇന്‍ഫോടെക് കേരളത്തിലെ മികച്ചതും അതിവേഗം വളര്‍ന്ന് വരുന്നതുമായ മൂന്ന് കമ്പനികളായ പ്രീമാജിക്, കോഡ്‌പോയിന്റ്, ഗ്രീന്‍ആഡ്‌സ് ഗ്ലോബല്‍ എന്നിവരുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. എന്റര്‍പ്രൈസ്-ഗ്രേഡ് സൈബര്‍ സുരക്ഷ ഉപയോഗിച്ച് ഈ കമ്പനികളുടെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റല്‍ ആസ്തികള്‍ സുരക്ഷിതമാക്കുന്നതിനും എഫ് 9 പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കും.