യുഎപിഎ കേസ് റദ്ദാക്കണം; ചെയ്ത കുറ്റങ്ങള്‍ അറിയണം; ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയില്‍; ചീഫ് ജസ്റ്റിസ് അടിയന്തര വാദം കേള്‍ക്കണമെന്ന് കപില്‍ സിബല്‍

യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിച്ചു. വെബ്‌സൈറ്റ് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ത, എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഇരുവരുടെയും ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സുപ്രീംകോടതിയിലെത്തിയത്.

വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിനോടാവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലാണെന്നും ഇതില്‍ ഒരാള്‍ക്ക് 75 വയസ്സുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.

അറസ്റ്റുചെയ്യാനുള്ള കാരണങ്ങള്‍ രേഖാമൂലം അറിയിച്ചില്ലെന്നത് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് പ്രബീര്‍ പുര്‍കായസ്തയും അമിത് ചക്രവര്‍ത്തിയും ഡല്‍ഹി പൊലീസിന്റെ നടപടി ചോദ്യം ചെയ്തത്. യുഎപിഎ നിയമപ്രകാരം അറസ്റ്റുചെയ്യുമ്പോള്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ രേഖാമൂലം അറിയിക്കേണ്ടതില്ലെന്ന് വിശദീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതിനെതിരെയാണ് ഇരുവരും സുപ്രീംകോടതിയില്‍ എത്തിയത്. ഇരുവരുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും.