ഉത്തര്‍പ്രദേശില്‍ മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അവകാശവാദങ്ങളില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭലില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴായിരുന്നു കഴിഞ്ഞ ദിവസം ഫത്തേപൂര്‍ നൂരി ജുമാ മസ്ജിദില്‍ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വ്യാപക പ്രതിഷേധവും ഉടലെടുത്തിരുന്നു.
180 വര്‍ഷം പഴക്കമുള്ള ആരാധനാലയമായിരുന്നു മൂന്ന് വര്‍ഷത്തെ കൈയേറ്റം ആരോപിച്ച് പൊളിച്ചത്. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. മസ്ജിദുകളിലെ സര്‍വേ നടപടികള്‍ കോടതി വിലക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആരാധനാലയ നിയമവും മസ്ജിദ് സര്‍വേകളുമായി ബന്ധപ്പെട്ട് നാല് ആഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഗ്യാന്‍വാപി, മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ്, സംഭല്‍ മസ്ജിദ് കേസുകളില്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.
Read more
വിഷയത്തില്‍ ഇടക്കാല ഉത്തരവും പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പത്ത് ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ച് നിലവില്‍ 18 ഹരജികളാണ് രാജ്യത്തെ വിവിധ കോടതികളിലുള്ളത്. നിലവില്‍ കോടതികളിലുള്ള കേസുകളിലും തുടര്‍നടപടി തടഞ്ഞിരിക്കുകയാണ്.