ഉഷ്ണതരംഗം രൂക്ഷമായ ഉത്തരേന്ത്യയിൽ സൂര്യാഘാതമേറ്റ് ഒരുമരണം. ബീഹാര്‍ സ്വദേശിയാണ് മരിച്ചുത്. രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂട് ഡല്‍ഹിയില്‍ 50 ഡിഗ്രി കടന്നതോടെ സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡല്‍ഹിയിൽ റെഡ് അലര്‍ട്ട് തുടരുകയാണ്.
ബീഹാര്‍ ദര്‍ഭംഗ സ്വദേശിയായ 30 കാരനാണ് ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 52.3°C താപനിലയില്‍ കുറവ് ഉണ്ടാകാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡാറ്റയും സെന്‍സറുകളും പരിശോധിച്ചു വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡല്‍ഹിയിലെ മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് മുങ്കേഷ്പൂരില്‍ മാത്രമാണ് 52.3°C രേഖപ്പെടുത്തിയിരുന്നത്.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഉഷ്ണ തരംഗം തുടരുകയാണ്. 50 ഡിഗ്രിക്ക് മുകളിലാണ് രാജസ്ഥാനില്‍ രേഖപ്പെടുത്തിയ താപനില. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 49.1°C ഉം രേഖപ്പെടുത്തി. ഉഷ്ണതരംഗം രൂക്ഷമായതിനെ തുടര്‍ന്നുള്ള ജലക്ഷാമം മറികടക്കാന്‍ കര്‍ശന നടപടി ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കും. വെള്ളം പാഴാക്കിയാല്‍ 2000 രൂപയാണ് പിഴച്ചുമത്തുക. പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ രൂപീകരിക്കും. ആളുകള്‍ പകൽസമയം പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.