നിതിന്‍ ഗഡ്കരിക്ക് സീറ്റുനല്‍കാമെന്ന് ഉദ്ധവ് താക്കറെ; നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ; ആദ്യം ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ നോക്കാന്‍ ബിജെപി; തമ്മിലടി

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിക്ക് ലോക്സഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന പ്രഖ്യാപനവുമായി ശിവസേന വിമത വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. ഗഡ്കരി ബിജെപി. വിട്ട് എംവിഎയില്‍ വരണമെന്നും തങ്ങള്‍ സീറ്റ് നല്‍കി മത്സരിപ്പിക്കാമെന്നുമാണ് ഉദ്ധവ് വാഗ്ദാനം ചെയ്തത്.

എന്നാല്‍, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും ഒരു സീറ്റിലെങ്കിലും ലോകസഭയിലേക്ക് മത്സരിച്ച് ജയിക്കാന്‍ സാധിക്കുമോയെന്ന് ആദ്യം ശ്രമിക്കാനും മഹാരാഷ്ട്ര ബിജെപി നേതൃത്വം പരിഹസിച്ചു.

ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ നാഗ്പുരിലെ നിലവിലെ എംപിയായ ഗഡ്കരിയുടെ പേരില്ലാത്തതിനെത്തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ധവിന്റെ ക്ഷണം.

എന്നാല്‍, ഗഡ്കരി തങ്ങളുടെ മുതിര്‍ന്നനേതാവാണെന്നും മഹാരാഷ്ട്രയിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആദ്യപേര് നിതിന്‍ ഗഡ്കരിയുടേതായിരിക്കുമെന്നും ബിജെപി നേതാവായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കി.