സൺഫീസ്റ്റ് ബിസ്‌ക്കറ്റ് പാക്കറ്റിൽ ഒരെണ്ണം കുറവ്, പരാതിയുമായി ഉപഭോക്താവ്; കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽണമെന്ന് കോടതി

ബിസ്‌ക്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരു ബിസ്ക്കറ്റ് കുറഞ്ഞതിന് കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടത് ഒരു ലക്ഷം രൂപ. ഐ ടി സിയുടെ ഉടമസ്ഥതയിലുള്ള സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്റ്റക്കറ്റ് വാങ്ങിയ ഉപഭോക്താവാണ് പാക്കറ്റിൽ രേഖപ്പെടുത്തിയത്രയും ബിസ്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കണ്ട്  ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഇതോടെ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്. ചെന്നൈ സ്വദേശിയുടെ പരാതിയിലാണ്  ഉപഭോക്തൃ കോടതിയുടെ നടപടി.

ചെന്നൈ മാതൂരിലുള്ള ദില്ലിബാബുവാണ് രണ്ട് ഡസനോളം ബിസ്‌ക്കറ്റ് തെരുവുനായകൾക്ക് നൽകാൻ വാങ്ങിച്ചത്. പാക്കറ്റിൽ 16 ബിസ്കറ്റുകൾ ഉണ്ടാകുമെന്നായിരുന്നു എഴുതിയിരുന്നത്. എന്നാൽ പാക്കറ്റ് തുറന്നപ്പോൾ ഒരോന്നിലും 15 ബിസ്‌ക്കറ്റ് മാത്രമാണുണ്ടായിരുന്നത്. പായ്ക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരെണ്ണം കുറവായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ആദ്യം കടക്കാരനെ സമീപിച്ചെങ്കിലും അദ്ദേഹം കയ്യൊഴിയുകയായിരുന്നു. പിന്നീട്‌ ബിസ്‌ക്കറ്റ് നിർമ്മാതാക്കളായ ഐ ടി സിയെ സമീപിച്ചെങ്കിലും കൃത്യമായ വിശദീകരണം ലഭിച്ചില്ല. തുടർന്നാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ‘ഐ ടി സി കമ്പനി ഒരു ദിവസം 50 ലക്ഷം ബിസ്‌ക്കറ്റ് പാക്കറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ബിസ്‌ക്കറ്റിന് 75 പൈസ വച്ച് കണക്കുകൂട്ടിയാൽ, പൊതുജനങ്ങളെ കബളിപ്പിച്ച് കമ്പനി 29 ലക്ഷത്തോളം രൂപയാണ് സമ്പാദിക്കുന്നത്’- ദില്ലിബാബു കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Read more

എന്നാൽ എണ്ണം കണക്കാക്കിയല്ല, തൂക്കം കണക്കാക്കിയാണ് വിൽപ്പന നടത്തുന്നതെന്ന് കമ്പനി കോടതിയിൽ വാദിച്ചു. തുടർന്ന് കോടതിയുടെ നേതൃത്വത്തിൽ തൂക്കം പരിശോധിക്കാൻ തീരുമാനിച്ചു. 76 ഗ്രാമാണ് പായ്ക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ 15 ബിസ്‌ക്കറ്റുള്ള പായ്ക്കറ്റ് പരിശോധിച്ചപ്പൾ 74 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. കമ്പനി നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.