നഷ്ടപ്രണയം വീണ്ടെടുക്കാന്‍ ഓണ്‍ലൈന്‍ ദുര്‍മന്ത്രവാദം; ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്ക് നഷ്ടമായത് ആറ് ലക്ഷം

‘പ്രണയം- ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഓണ്‍ലൈനായി പരിഹരിക്കും’, ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെയൊരു പരസ്യം കണ്ട് സമീപിച്ച പെണ്‍കുട്ടിയ്ക്ക് നഷ്ടപ്പെട്ടത് ആറ് ലക്ഷം രൂപയാണ്. വിദ്യാഭ്യാസമില്ലാത്ത, ലോക പരിചയമില്ലാത്തവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് ചിന്തിക്കാന്‍ വരട്ടെ. പണം നഷ്ടപ്പെട്ടത് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്കാണ്. ദുര്‍മന്ത്രവാദത്തിലൂടെ പിണങ്ങിപ്പോയ ആണ്‍സുഹൃത്തിന്റെ ദേഷ്യം മാറി തിരിച്ചെത്താനായിരുന്നു ഗവേഷക വിദ്യാര്‍ത്ഥിനി പണം ചിലവഴിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പ് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതേ തുടര്‍ന്ന് സങ്കടത്തിലായിരുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റാഗ്രാമില്‍ പരസ്യം കണ്ടയുടന്‍ തന്റെ പ്രശ്‌നങ്ങള്‍ അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു. പ്രത്യേക പൂജകള്‍ ചെയ്താല്‍ പിണങ്ങിപ്പോയ ആണ്‍സുഹൃത്ത് മടങ്ങിയെത്തുമെന്നും അതിനായി പണം നല്‍കണമെന്നും മറുപടി ലഭിച്ചു. തുടര്‍ന്ന് തട്ടിപ്പുകാര്‍ ആണ്‍സുഹൃത്തിന്റെ നമ്പരും വാങ്ങി.

ഇയാള്‍ ഫോണില്‍ വിളിക്കുമെന്നും, എന്നാല്‍ കോളെടുക്കരുതെന്നും പെണ്‍കുട്ടിക്ക് തട്ടിപ്പുകാര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് യുവതി കുറച്ച് പണം ഓണ്‍ലൈനായി നല്‍കി. അന്നുതന്നെ ആണ്‍സുഹൃത്തിന്റെ നമ്പരില്‍ നിന്ന് വിളി വന്നെങ്കിലും പെണ്‍കുട്ടി മറുപടി നല്‍കിയില്ല. ഇതോടെ പെണ്‍കുട്ടിക്ക് തട്ടിപ്പുകാരില്‍ വിശ്വാസമായി. തുടര്‍ന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പണം പലപ്പോഴായി നല്‍കി.

Read more

ആറ് ലക്ഷം നല്‍കിയിട്ടും കാമുകന്‍ തിരികെ വരുകയോ വിളിക്കുകയോ ചെയ്യാതിരുന്നതോടെയാണ് യുവതി തട്ടിപ്പ് മനസിലാക്കിയത്. പിന്നീട് തട്ടിപ്പുകാരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.