ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ അഞ്ജാത രോഗത്തിന്റെ കാരണം കണ്ടെത്തി. രോഗം ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ മരിച്ചവരുടെ ശരീരത്തിനകത്ത് കീടനാശിനിയായ ആൽഡികാർബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ഇവ ഭക്ഷണത്തിലൂടെയാണ് ഉള്ളിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
ലക്‌നോവിലെ സിഎസ്‌ഐആർ- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസർച്ച് മരിച്ചവരുടെ ദേഹത്തുനിന്നെടുത്ത സാമ്പിളുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കീടനാശിനിയിൽ ഉപയോഗിക്കുന്ന ആൽഡികാർബ്, കാഡ്മിയം എന്നിവയടക്കമുള്ള ന്യൂറോടോക്‌സിനുകളുടെ അംശം കണ്ടെത്തിയത്. ഭക്ഷണ രീതിയെ കുറിച്ച് പരിശോധന നടത്തുമെന്ന് സർക്കാർ നിയോഗിച്ച സമിതി വ്യക്തമാക്കി.
അതേസമയം രോഗം ബാധിച്ച് പതിനാറുകാരിയെ ഇന്നലെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ക്വാറൻ്റൈനിലേക്ക് അയച്ചവരുടെ എണ്ണം 230 ആയി.
3,800 താമസക്കാരുള്ള ബദാൽ ഗ്രാമത്തിലാണ് അപൂർവ രോഗം പടരുന്നത്. അപൂർവ രോഗം ബാധിച്ച് 17 പേർ മരിച്ച പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മെഡിക്കൽ ജാഗ്രതയുടെ ഭാഗമായി ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും എല്ലാ അവധികളും അധികൃതർ റദ്ദാക്കി.
ഡിസംബർ ഏഴിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് 13 കുട്ടികളും ഒരു ഗർഭിണിയുമടക്കം 17 പേരാണ് ഈ അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയർപ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവർ മരണത്തിന് മുമ്പ് ആശുപത്രിയിൽവെച്ച് പ്രകടിപ്പിച്ചത്.
Read more
53 ദിവസമായിട്ടും ഈ ദുരൂഹ മരണങ്ങളിൽ കൃത്യമായ വിശദീകരണം ലഭിക്കാത്തത് കശ്മീരിലാകെ പരിഭ്രാന്തി പരത്തിയിരുന്നു. തുടർന്ന്, വിവിധ മെഡിക്കൽ കോളജുകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മുൻകൈയിൽ സംഭവത്തിൽ അന്വേഷണമാരംഭിച്ചു. കേന്ദ്ര സർക്കാർ 11 അംഗ വിദഗ്ധ സമിതിയെ ഇവിടേക്ക് നിയോഗിച്ചു. പ്രദേശത്തെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.