പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

ബിജെപി ആസ്ഥാനത്തേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്. എഎപിയെ ഇല്ലാതാക്കാൻ മോദി ശ്രമിക്കുകയാണെന്നും എല്ലാ നേതാക്കളെയും മോദിക്ക് ഒരുമിച്ച് അറസ്റ്റ് ചെയ്യാമെന്നും കെജ്‌രിവാൾ വെല്ലുവിളിച്ചു. എഎപിയ്ക്കുള്ളില്‍ ഒരു ‘ഓപ്പറേഷൻ ചൂല്‍’ നടപ്പാക്കുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു.

എല്ലാ നേതാക്കളെയും മോദിക്ക് അറസ്റ്റ് ചെയ്യാമെന്നും താൻ ആദ്യം പോകുമെന്നും കെജ്‌രിവാൾ പറഞ്ഞു. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താല്‍ ആയിരം കെജ്‌രിവാള്‍ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഎപിയുടെ വളര്‍ച്ച മോദിയെ ഭയപ്പെടുത്തുന്നു. പഞ്ചാബിലും ഡൽഹിയിലും നല്ല വികസനം കൊണ്ടുവന്നതാണ് പ്രശ്നം. അതാണ് ഇപ്പോള്‍ കാണുന്നത്. എല്ലാ നേതാക്കളെയും ജയിലില്‍ അടക്കുകയാണ്. എഎപിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വൈകാതെ മരവിപ്പിക്കും. എഎപി ആസ്ഥാനം ഒഴിപ്പിച്ച് തെരുവില്‍ ഇറക്കും.

പ്രസംഗത്തിനിടെ കെജ്‌രിവാളിന് എതിരെ മുദ്രാവാക്യം വിളിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തെ തുടർന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ്. നിരോധാനജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത്, ഡിഡിയു മാര്‍ഗ്, ഐപി മാര്‍ഗ്, മിന്റോ റോഡ്, വികാസ് മാര്‍ഗ് എന്നീ റോഡുകള്‍ ഡല്‍ഹി ട്രാഫിക് പൊലീസ് അടച്ചു. പതിനൊന്നു മുതല്‍ രണ്ടുമണിവരെയാണ് റോഡുകള്‍ അടച്ചത്.