'പൂജ ഖേദ്കറുടെ ഐഎഎസ് റദ്ദാക്കും'; പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തൽ, കാരണംകാണിക്കൽ നോട്ടീസ് അയച്ച് യുപിഎസ്‍സി

മഹാരാഷ്ട്രയിലെ വിവാദ ഓഫീസർ പൂജ ഖേദ്കറിനെതിരെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ക്രിമിനൽ നടപടി തുടങ്ങി. പൂജ ഖേദ്കർ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് യുപിഎസ്‍സി അറിയിച്ചു. പൂജയുടെ ഐഎഎസ് റദ്ദാക്കാൻ നടപടി തുടങ്ങിയതായും കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും യുപിഎസ്‍സി വ്യക്തമാക്കി.

പൂജ ഖേദ്കറുടെ തെറ്റായ പെരുമാറ്റത്തിൽ വിശദവും സമഗ്രവുമായ അന്വേഷണം നടത്തിയെന്നും ഈ അന്വേഷണത്തിൽ നിന്ന് പൂജയുടെ പേര്, അച്ഛൻ്റെയും അമ്മയുടെയും പേര്, ഫോട്ടോ / ഒപ്പ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം എന്നിവയിൽ മാറ്റം വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പൂജ തന്റെ ഐഡൻ്റിറ്റി വ്യാജമായി നിർമിച്ച് പരീക്ഷാ ചട്ടങ്ങൾ പ്രകാരം അനുവദനീയമായ പരിധിക്കപ്പുറം വഞ്ചനാപരമായ ശ്രമങ്ങൾ നടത്തിയതായി കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

UPSC issues show cause notice

ഈ കണ്ടെത്തലിന്റെ വെളിച്ചത്തിൽ യുപിഎസ്‌സി പൂജയ്‌ക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സിവിൽ സ്ഥാനാർത്ഥിത്വം റദ്ദാക്കുന്നതിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സേവന പരീക്ഷ-2022/ സിവിൽ സർവീസസ് പരീക്ഷയുടെ നിയമങ്ങൾ അനുസരിച്ച്, ഭാവിയിലെ പരീക്ഷകൾ/ തിരഞ്ഞെടുപ്പുകളിൽ നിന്ന് ഡീബാർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

ഭരണഘടനാപരമായ ബാധ്യതകൾ നിറവേറ്റുന്നതിൽ, യുപിഎസ്‌സി ഭരണഘടനാപരമായ ഉത്തരവുകൾ കർശനമായി പാലിക്കുന്നുവെന്നും എല്ലാ പരീക്ഷകളും ഉൾപ്പെടെ അതിൻ്റെ എല്ലാ പ്രക്രിയകളും ഒരു വിട്ടുവീഴ്ചയും കൂടാതെ ഏറ്റവും ഉയർന്ന ജാഗ്രതയോടെ നടത്തുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. എല്ലാ പരീക്ഷാ പ്രക്രിയകളുടെയും പവിത്രതയും സമഗ്രതയും തികഞ്ഞ വിശ്വാസത്തോടെയും നിയമങ്ങൾ കർശനമായി പാലിച്ചും ഉറപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും വിശ്വാസവും വിശ്വാസ്യതയും യുപിഎസ്‌സി നേടിയിട്ടുണ്ട്. ആ വിശ്വാസവും വിശ്വാസ്യതയും കേടുകൂടാതെയും വിട്ടുവീഴ്ചയില്ലാതെയും തുടരുന്നുവെന്ന് ഉറപ്പാക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൂജയുടെ നിയമനത്തിൽ വീഴ്‌ചകൾ കണ്ടെത്തിയാൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടേക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സംഘം പൂജയുടെ നിയമനം സംബന്ധിച്ചും മറ്റ് ആരോപണങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പൂജയുമായി ബന്ധപ്പെട്ടുള്ള വിഷത്തിൽ കേന്ദ്രം അന്വേഷണ സംഘത്തെ നിയോഗിച്ചത്. സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതുൾപ്പെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കർ.

മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് പൂജയ്‌ക്കെതിരായ ആരോപണം. അതിനിടെ 2020, 2023 വർഷങ്ങളിലെ പൂജയുടെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അപേക്ഷാ ഫോമിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന ആരോപണവും പുതിയതായി ഉയർന്നിരുന്നു. പൂജയുടെ പേരിലും വയസിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

Read more