'കെജ്‌രിവാളിന് പ്രൊഡക്ഷൻ വാറണ്ട്', ജൂലൈ 12ന് ഹാജരാക്കണം; മദ്യനയക്കേസിൽ ഇഡി കുറ്റപ്പത്രം അംഗീകരിച്ച് വിചാരണ കോടതി

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ കുറ്റപത്രം അംഗീകരിച്ച് വിചാരണ കോടതി. വിചാരണക്കായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജൂലായ് 12ന് കോടതിയിൽ ഹാജരാക്കാണമെന്ന് റോസ് അവന്യൂ കോടതി അറിയിച്ചു. പ്രത്യേക ജഡ്ജി കാവേരി ബവേജ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.

മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതികളാക്കിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കുറ്റപത്രമാണ് കോടതി പരിഗണിച്ചത്. അതേസമയം വിനോദ് ചൗഹാനെതിരെ ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രവും കോടതി പരിഗണിച്ചു. വിനോദ് ചൗഹാനും ജൂലൈ 12ന് കോടതിയിൽ ഹാജരാകുന്നതിന് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് വിനോദ് ചൗഹാനെതിരെ എടുത്തത്.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കേസിൽ ജൂലൈ 3 ന് അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. സിബിഐയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള ഹർജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇഡി കേസിൽ ജാമ്യത്തിനായി മറ്റൊരു കേസ് വിചാരണക്കോടതിയിൽ നിലവിലുണ്ട്.

ഇഡി കേസിൽ കെജ്‌രിവാളിന് വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും കേസ് റോസ്റ്റർ ബെഞ്ച് വീണ്ടും കേൾക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാളിനെ മാർച്ച് 21നാണ് അറസ്റ്റ് ചെയ്യുന്നത്. കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അരവിന്ദ് കെജ്‌രിവാൾ നിലവിൽ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജൂലൈ 12 വരെയാണ് കസ്റ്റഡി കാലാവധി.